പാര്‍ട്ടിഗ്രാമങ്ങളിലെ കൊലപാതകങ്ങളും വിഭാഗീയതയും; നേതൃത്വത്തിനെതിരെ പ്രതിനിധികളുടെ രൂക്ഷവിമര്‍ശം

Posted on: January 8, 2018 9:10 pm | Last updated: January 8, 2018 at 9:10 pm
SHARE
സി പി എം ജില്ലാസമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: സി പി എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനത്തില്‍ പാര്‍ട്ടിഗ്രാമങ്ങളിലെ കൊലപാതകങ്ങളും വിഭാഗീയ പ്രശ്‌നങ്ങളും സാമ്പത്തികാരോപണങ്ങളും അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും ഒരു കേന്ദ്ര കമ്മിറ്റി അംഗവും മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന നീലേശ്വരം ഏരിയാ കമ്മിറ്റിക്കെതിരെയാണ് പ്രതിനിധി സമ്മേളനത്തില്‍ ഏറെയും വിമര്‍ശനമുണ്ടായത്.

ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്ലീനത്തിന് വിരുദ്ധമായി ചിട്ടി നടത്തിയതും ഇതില്‍ ചിറ്റാളന്മാര്‍ക്ക് യഥാസമയം ചിട്ടിപ്പണം നല്‍കാതെ പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ കളങ്കപ്പെടുത്തിയതും ഓഫീസ് നിര്‍മ്മാണത്തിന്റെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിക്കാത്തതും പ്രതിനിധികള്‍ ഉന്നയിച്ചു. മൂന്നുമാസത്തില്‍ ഒരിക്കല്‍ പാര്‍ട്ടി കണക്കുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടതും ഓഖി ദുരിതാശ്വാസ ഫണ്ട് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയതിലുണ്ടായ വൈരുദ്ധ്യവും പ്രതിനിധികള്‍ ഉന്നയിച്ചു.

ജില്ലയിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കും എംപിക്കും ഉണ്ടായ വീഴ്ചയും ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. .നീലേശ്വരം, ബേഡകം ഏരിയക്കകത്തെ വിഭാഗീയത, പോലീസിനെതിരെയുള്ള വിമര്‍ശം, , പാര്‍ട്ടി ഗ്രാമങ്ങളില്‍ നടന്ന കൊലപാതകങ്ങളില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത പോലീസ് നിലപാട്, സിപിഐയുമായുള്ള തര്‍ക്കം തുടങ്ങിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നേതൃത്വം ഏറെ പാടുപെട്ടു. നേതൃത്വത്തിന്റെ തെറ്റായ നിലപാട് മൂലം ജില്ലയില്‍ പാര്‍ട്ടി അനുഭാവികളില്‍ വ്യാപകമായ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടെന്ന കാര്യവും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പാര്‍ട്ടി വിടുന്നവര്‍ ബിജെപിയിലും സിപിഐയിലുമാണ് ചേക്കേറുന്നത്.

ഭരണത്തിനും പാര്‍ട്ടിക്കുമെതിരെ സിപിഐ എടുക്കുന്ന നിലപാടില്‍ ശക്തമായി പ്രതിരോധിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ചര്‍ച്ചകളില്‍ പരാതിയുയര്‍ന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉണ്ടായിട്ടുള്ള മൂന്ന് കൊലപാതകങ്ങളില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതും പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതിയായ പരിഗണന നല്‍കാതെ പോലീസിലെ ഒരു വിഭാഗം പാര്‍ട്ടി ശത്രുക്കള്‍ക്കൊപ്പമാണെന്ന ആക്ഷേപവും പ്രതിനിധികള്‍ ഉന്നയിച്ചു.

നീലേശ്വരത്തും ബേഡകത്തും വിഭാഗീയതക്ക് തടയിടേണ്ടതിന് പകരം ഒരു വിഭാഗത്തെ പൂര്‍ണമായും തഴയുന്ന ഔദ്യോഗികപക്ഷത്തിന്റെ നിലപാടിനെതിരെയും സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ന്നു.
ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേരെ നീലേശ്വരത്ത് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരുവിഭാഗം കുറ്റപ്പെടുത്തി.