രാജ്യം പക്ഷിപ്പനി മുക്തമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

Posted on: January 8, 2018 7:52 pm | Last updated: January 8, 2018 at 7:52 pm
SHARE

ദോഹ: രാജ്യത്ത് പക്ഷിപ്പനി ഭീണി നിലനില്‍ക്കുന്നില്ലെന്നും സമ്പൂര്‍ണ രോഗമുക്തമാണെന്നും ഖത്വര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെയും ഒരു കേസു പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ദേശീയ ഇന്‍ഫ്‌ളുവന്‍സ കേന്ദ്രം തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗം പരത്തുന്ന വൈറസുകള്‍ തിരിച്ചറിയാന്‍ നിശ്ചിത ഇടവേളകളില്‍ സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്. മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷ പരിസ്ഥിതി ആരോഗ്യ വകുപ്പ് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ എല്ലാ രാജ്യങ്ങളിലേയും മൃഗ ആരോഗ്യം സംബന്ധിച്ച സാംക്രമിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. മൃഗ രോഗ നിരീക്ഷണ ശൃംഖലയിലൂടെ ഇക്കാര്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുന്നുമുണ്ട്.

പക്ഷിപനി ഉള്‍പ്പെടെയുള്ള മൃഗ സാംക്രമിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ പോള്‍ട്രി മേഖല പക്ഷിപ്പനി വിമുക്തമാണെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തേക്കെത്തുന്ന എല്ലാ മൃഗങ്ങളേയും പ്രവേശന കവാടങ്ങളില്‍ പരിശോധന ഉറപ്പാക്കുന്നുമുണ്ട്. പക്ഷിപ്പനി ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.