‘സായിദ് വര്‍ഷം’: ദുബൈ നഗരസഭയും ആര്‍ ടി എയും 20 വീതം സംരംഭങ്ങള്‍ നടപ്പാക്കും

Posted on: January 8, 2018 6:40 pm | Last updated: January 8, 2018 at 6:40 pm
SHARE

ദുബൈ: സായിദ് വര്‍ഷത്തിന്റെ ഭാഗമായി ദുബൈ നഗരസഭ 20 സംരംഭങ്ങള്‍ നടപ്പാക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. മാനുഷിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍. 70-80 കാലഘട്ടത്തെ ശൈഖ് സായിദിന്റെ അപൂര്‍വ ചിത്രങ്ങളുടെയും പരിപാടികളുടെയും ഫോട്ടോ എക്‌സിബിഷനും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്. നഗരസഭയുടെ ഔദ്യോഗിക എഴുത്ത്, ഇടപാടുകളിലെല്ലാം സായിദ് ഇയറിന്റെ ലോഗോ വെക്കുന്നുണ്ട്. കൂടാതെ വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ സായിദ് ഇയര്‍ ഔദ്യോഗിക ചിഹ്നം പതിച്ച കൂറ്റന്‍ ബോര്‍ഡും സ്ഥാപിക്കും.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യും ഇരുപത് സംരംഭങ്ങള്‍ നടപ്പാക്കുമെന്ന് ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു.

ദേശീയ ബോധം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാകും സംരംഭങ്ങളെന്നും അദ്ദേഹം അറിയിച്ചു.