അല്‍ മിനയില്‍ പ്രകാശ കൂജ

Posted on: January 8, 2018 6:31 pm | Last updated: January 8, 2018 at 6:31 pm

അബുദാബി: ഇയര്‍ ഓഫ് ഗിവിങ് പദ്ധതിയുടെ ഭാഗമായി അല്‍ മിനയില്‍ പ്രകാശ കൂജ പരീക്ഷണ പദ്ധതി അബുദാബി സിറ്റി മുനിസിപ്പാലിറ്റി (എ ഡി എം) നടപ്പാക്കി. കോണ്‍ക്രീറ്റ് പേവ്മെന്റുകള്‍ക്കു പകരമാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റി പ്രകാശമാനമായ കെര്‍ബ് സ്റ്റോണുകള്‍ പാകുന്നത്. കാരുണ്യ വര്‍ഷ പദ്ധതിയുടെ ഭാഗമായി ഈ ഭാഗത്തെ നിര്‍മാണ ജോലികള്‍ നടത്തിയ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനി സ്വന്തം ചെലവിലാണ് കെര്‍ബ് സ്റ്റോണ്‍ സ്ഥാപിച്ച് നഗരഭംഗി വര്‍ധിപ്പിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പൊതു സംരംഭങ്ങളില്‍ കമ്പനികളെയും വ്യക്തികളെയും പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണിതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി (എ ഡി എം) അറിയിച്ചു.

പ്രകാശമാനമായ കെര്‍ബ് സ്റ്റോണ്‍ പാകിയ ഭാഗത്ത് പൂര്‍ണമായും വെള്ളം ഉപയോഗിച്ച് ചൂട് പ്രതിരോധശേഷിയുള്ള പ്രവര്‍ത്തനവും നടത്തി. ലൈറ്റിങ് കേബിളുകള്‍ പുറത്തുനിന്ന് കാണാന്‍പറ്റാത്ത രീതിയില്‍ സിമന്റ് മോര്‍ട്ടാര്‍ കൊണ്ട് മൂടുകയും ചെയ്തു. അതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അബുദാബി നഗരഭംഗി വര്‍ധിപ്പിക്കുന്നതോടൊപ്പം പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റി പരിഷ്‌കാര പദ്ധതികള്‍ നടപ്പാക്കുന്നത്. ഊര്‍ജ പുനരുല്‍പ്പാദന സൗകര്യത്തോടൊപ്പം കുറഞ്ഞ ചെലവില്‍ എല്‍ഇഡി സംവിധാനം ഉപയോഗിച്ച ലൈറ്റുകള്‍ പരിസ്ഥിതി സൗഹൃദവുമാണെന്നതും നേട്ടമായി മുനിസിപ്പാലിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി.