സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ വിധി സുപ്രീം കോടതി പുന:പരിശോധിക്കും

Posted on: January 8, 2018 3:25 pm | Last updated: January 8, 2018 at 8:40 pm
SHARE

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ വിധി സുപ്രീം കോടതി പുന:പരിശോധനക്ക് വിധേയമാക്കുന്നു. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായി കാണുന്ന ഭരണഘടനയുടെ 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇക്കാര്യം ഭരണഘടന ബഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.

ഒരേ ലിംഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയായ വ്യക്തികള്‍ പരസ്പര സമ്മത പ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ചുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 377ാം വകുപ്പിന്റെ സാധുത പരിശോധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം വകുപ്പ് ശരിവച്ച് സുപ്രീം കോടതി 2013ല്‍ പുറത്തിറക്കിയ വിധിയും പരിശോധിക്കും.

പോലീസിനെ ഭയന്ന് തങ്ങള്‍ക്ക് സമാധാനമായി ജീവിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ട്രാന്‍സ്‌ജെന്‍ഡേഴസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്.