മെയ്ക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടി; നാവികസേനയുടെ 32,000 കോടിയുടെ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

Posted on: January 8, 2018 1:18 pm | Last updated: January 8, 2018 at 7:47 pm
SHARE

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിരോധ മേഖലയില്‍ നടപ്പാക്കാന്‍ നിശ്ചയിച്ച 32,000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കടലിനടിയില്‍ നിക്ഷേപിച്ചിരിക്കുന്ന മൈനുകള്‍ കണ്ടെത്തുന്നതിനും നീക്കംചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക എംസിഎംവി വിഭാഗത്തില്‍പ്പെടുന്ന കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്.

മൈനുകള്‍ നീക്കംചെയ്യുന്നതിനുള്ള 12 കപ്പലുകളുടെ നിര്‍മാണത്തിന് ദക്ഷിണ കൊറിയയുമായി ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ദക്ഷിണ കൊറിയയുമായുള്ള ധാരണയില്‍ മാറ്റംവന്നതാണ് പദ്ധതി തടസ്സപ്പെടുന്നതിനും വൈകുന്നതിനും ഇടയാക്കിയത്. സാങ്കേതികവിദ്യ കൈമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്ന് നിലപാട് മാറ്റം ഉണ്ടായതായാണ് സൂചന. ഗോവ ഷിപ്പ്‌യാര്‍ഡിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഗോവന്‍ ഷിപ്പ്‌യാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, എംസിഎംവി പദ്ധതിക്കായി പുതുതായി നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രതിരോധമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഒന്നിന്റെയും അവസാനവട്ട കരാറുകള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.