ഇംഗ്ലണ്ട് ചാരം; അഞ്ചാം ടെസ്റ്റിലും ഓസീസ് തന്നെ

Posted on: January 8, 2018 9:19 am | Last updated: January 8, 2018 at 12:15 pm
SHARE

സിഡ്‌നി: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ചാരമായി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 123 റണ്‍സിന്റെയും വിജയം സ്വന്തമാക്കിയ ആസ്‌ത്രേലിയ പരമ്പര 4-0ത്തിന് സ്വന്തമാക്കി. ഒരു മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 346, 180. ആസ്‌ത്രേലിയ 649/7 ഡിക്ല.

303 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ് 180 റണ്‍സിലൊതുങ്ങി. നാല് വിക്കറ്റിന് 93 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകരെ പൊരുതാന്‍ പോലും അനുവദിക്കാതെ ഓസീസ് ബൗളര്‍മാര്‍ പവലിയനിലേക്ക് പറഞ്ഞയച്ചു.

നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിന്‍സും മൂന്ന് വിക്കറ്റെടുത്ത നഥാന്‍ ലിയോണും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ ചരമക്കുറിപ്പെഴുതി. സ്റ്റാര്‍ച്, ഹാസില്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്ത് പോയത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ജോണി ബെയര്‍സ്‌റ്റോ 38ഉം ടോം കുറന്‍ (23*)ഉം റണ്‍സെടുത്തു.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് ഏഴ് വിക്കറ്റിന് 649 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മാര്‍ഷ് സഹോദരന്മാരുടെ സെഞ്ച്വറിയാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഷോണ്‍ മാര്‍ഷ് 156ഉം മിച്ചല്‍ മാര്‍ഷ് 101ഉം റണ്‍സെടുത്തു. 291 പന്തുകളില്‍ 18 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഷോണിന്റെ ഇന്നിംഗ്‌സ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വേഗത്തില്‍ സ്‌കോര്‍ ചെയ്ത മിച്ചല്‍ 141 പന്തില്‍ 15 ബൗണ്ടറികളും രണ്ട് സിക്‌സറുകളും നേടി. മൂന്നാം ദിനം ഓസീസ് ഓപണര്‍ ഉസ്മാന്‍ ക്വാജ (171)യും സെഞ്ച്വറി നേടിയിരുന്നു. വാര്‍ണര്‍ (56), സ്റ്റീവ് സ്മിത്ത് (83) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.