Connect with us

Articles

ഉത്സവമോ മത്സരമോ?

Published

|

Last Updated

വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവം. വഴക്കങ്ങള്‍ക്കും ചട്ടപ്പടി മാമൂലുകള്‍ക്കും അപ്പുറം പോകാന്‍ നമ്മുടെ കലോത്സവങ്ങള്‍ക്ക് കഴിയുന്നുണ്ടോ? വലിയ സന്നാഹത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഈ മേള എത്രത്തോളം ആശാവഹമാണ്? ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉയര്‍ന്നുവരേണ്ട ഘട്ടമാണിത്.

നമ്മുടെ സാംസ്‌കാരിക ജീവിതത്തിന്റെ മാറ്റത്തിലും വളര്‍ച്ചയിലും കല നിര്‍ണായകമായ പങ്കു തന്നെവഹിക്കുന്നുണ്ട്. ഇക്കാര്യം തത്വത്തില്‍ എക്കാലത്തും അംഗികരിക്കപ്പെട്ടിട്ടുമുണ്ട്. കേരളീയ കലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിച്ചാണ് സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റേതൊരു നാടിനേക്കാളും കലകളിലെ വൈവിധ്യം അതുകൊണ്ട് തന്നെ കേരളത്തില്‍ അനുഭവിക്കാനാകും. നാട്ടു കലകള്‍ പലതും അപ്രത്യക്ഷമായെങ്കിലും കേരളത്തിന്റെ തനതു കലകളെ സംരക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നത് കാണേണ്ടതാണ്. യഥാവിധി നടന്നു പോരുന്നതിനാലാണ് അനുഷ്ഠാന കലകള്‍ വലിയ കേടൊന്നുമില്ലാതെ നില നിന്നു പോരുന്നതെങ്കില്‍ വിനോദപരവും സാമൂഹികവുമായ കലകള്‍ കേരളത്തിലെ സാംസ്‌കാരിക-വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് വേരറ്റു പോകാത്തത്.
കുട്ടികളുടെ ഇത്ര വലിയ കലാസംരക്ഷണ മേള ലോകത്ത് മറ്റൊരിടത്തുമില്ലെന്നത് വലിയ കാര്യം തന്നെയാണ്. പുഴുക്കുത്തുകളും പാകപ്പിഴകളുമുണ്ടാകാറുണ്ടെങ്കിലും സ്‌കൂള്‍ കലാമേളയെന്ന ഈ മഹോത്സവം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ തിളങ്ങുന്ന ഒരേടുതന്നെയാണ്. 1956ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ തുടങ്ങി കലോത്സവം.
വിവാദങ്ങളും കണ്ണീരും കൊണ്ട് ഉത്സവത്തെ നനയിക്കുന്നത് ആദ്യ മത്സരം തൊട്ടുള്ള ചരിത്രമാണ്. പങ്കെടുക്കുന്ന കുട്ടികളില്‍ വ്യര്‍ഥമോഹങ്ങള്‍ ഉത്പാദിപ്പിക്കുകയും കല അതിമത്സരമാവുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. പ്രശസ്തിയും തുടര്‍ന്നുള്ള സിനിമാപ്രവേശനവും മാത്രം കണ്ട് അരങ്ങിലെത്തുന്നവരുടെയെണ്ണം കൂടിയതാണ് കലോത്സവത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ കളങ്കിതപ്പെടുത്തിയത്. കുട്ടികളുടെ മേള രക്ഷിതാക്കളുടേത് കൂടിയായി മാറുമ്പോഴാണ് വിവാദങ്ങളുടെതും അഴിമതികളുടേതുമായി മാറുന്നത്. നൂറ്റി പതിനേഴര പവന്റെ കപ്പ് വര്‍ഷാവര്‍ഷം വിവിധ ജില്ലകള്‍ക്ക് കൈമാറുന്നുവെന്നല്ലാതെ എന്ത് നേട്ടമാണ് ഈ വലിയ മേളയില്‍ നിന്ന് ലഭിക്കുന്നതെന്ന് ചിലരെങ്കിലും ചോദിക്കുന്നു.

ഉത്സവം മത്സരാധിഷ്ഠിതമാവുന്നത് പൊതുവെയുള്ള നമ്മുടെ സാമൂഹികാവസ്ഥയുടെ തന്നെ പ്രതിഫലനമെന്ന് സമാധാനിക്കാനാവില്ല. കലയും ഉത്സവവുമൊക്കെ, തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ കൂടിയാണെന്നുള്ള കാര്യം പരക്കെ സമ്മതിക്കാന്‍ പഠിക്കണം. മത്സര ഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും മേല്‍നോട്ടത്തിലും എല്ലാം നവീകരണം ഉണ്ടാവുന്നുണ്ടെങ്കിലും കലയുടെ അന്ത:സത്ത ചോരുന്നുവെന്ന ആശങ്ക കുറേ കാലങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ കലോത്സവത്തെ കുറേക്കൂടി മെച്ചപ്പെടുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമുണ്ടാവില്ല. ഓരോ തലം കഴിയുന്തോറും കലോത്സവം “ഉത്സവ” മെന്ന അവസ്ഥ കൈവെടിഞ്ഞ് “മത്സര” മാവുന്നത് കാണാതിരിക്കുന്നു എന്നത് ദുഃഖകരവും കലോത്സവസങ്കല്‍പ്പത്തിന്ന് ഹാനികരവുമാവുകയും ചെയ്യുന്നുണ്ട്. മത്സരത്തിന്റെ ഏറ്റവും വികൃതമായ ഒരു മുഖം വെളിപ്പെടുന്നത് ഒരു വലിയ വിഭാഗം മത്സരാര്‍ഥികളും അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്. മത്സര ശേഷം അപ്പീലുകള്‍ അധികാരികളുടെ മേശമേല്‍ തീര്‍പ്പാക്കാനായി കുന്നു കൂടിക്കിടപ്പുണ്ടാവും.
ഓട്ടമത്സരവും ഗുസ്തിമത്സരവും പോലെ മാര്‍ക്കിട്ടും കേസിനു പോയും തീരുമാനിക്കേണ്ട ഒന്നല്ല കുട്ടികളിലെ കലാഭിരുചികളെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല. “ദാസേട്ട”ന്റെ സ്വരത്തിലും ഈണത്തിലും പാടാത്ത പാട്ടുകാര്‍ക്ക് മാര്‍ക്കു കുറഞ്ഞുപോകുന്നതൊക്കെ നമ്മള്‍ ചാനല്‍ മത്സരങ്ങളില്‍ സ്ഥിരം കാണാറുണ്ട്. മാര്‍ക്കും സമ്മാനവും കിട്ടാന്‍ സാധ്യത ഇല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പരീക്ഷണത്തിനും തുനിയുന്നതിന് കുട്ടികള്‍ ശ്രമിക്കാത്തതിന് അവരെ കുറ്റം പറയാനാവില്ല. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കല ഒരു പുരോഗതിയും ഇല്ലാതെ മുരടിച്ചു നില്‍കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. കല സാമൂഹിക സംവേദനത്തിനുള്ള ചിന്താ ശക്തിയെ ഉത്തേജിപ്പിക്കുമെന്ന് ചരിത്രകാരന്‍മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക് കലയെ ചുരുക്കുക അസാധ്യമാണ്. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗാത്മക ആവിഷ്‌കാരമാണത്. കേരളീയ സംസ്‌കാരത്തിന്റെ നവോത്ഥാന കുതിപ്പില്‍ കലകളും സംസ്‌കാരവും നിര്‍വഹിച്ച അനിഷേധ്യമായ പങ്ക് ഒരിക്കലും ഒഴിവാക്കാനാവില്ല. ഇന്ന് നാം എവിടെ നില്‍ക്കുന്നു എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. ജീവിതവും സമൂഹവും നിശ്ചലമായി നില്‍ക്കുന്നില്ല. അത് തീര്‍ത്തും ചലനാത്മകമാണ്. എന്നാല്‍ അതിനെ ചലിപ്പിക്കാന്‍ കല കൂടിയേ തീരൂവെന്ന ചരിത്രം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. ഓരോ കലോത്സവം വരുമ്പോഴും നാട്ടുകാരും സംഘാടകരും മാധ്യമങ്ങളും പറയുന്ന ഒരു കാര്യമുണ്ട്. കേരളത്തിന് എണ്ണപ്പെട്ട നിരവധി കലാകാരന്മാരെ സമ്മാനിച്ചത് കലോത്സവമാണെന്ന്. ഒരു പരിധി വരെ ഒരു പക്ഷെ ശരിയായിരിക്കാം. പക്ഷെ, അതെല്ലാം എത്രത്തോളം ശരിയാണെന്നതും വിലയിരുത്തേണ്ടതാണ്. കലോത്സവങ്ങളില്‍ തിളങ്ങിയ എത്ര എഴുത്തുകാര്‍ നമുക്കുണ്ട്, എത്ര പ്രാസംഗികരുണ്ട് എല്ലാം വിരലിലെണ്ണവുന്നത് മാത്രം. അതിലും കൂടുതല്‍ പേര്‍ ഈ മേഖലയോട് വിടപറഞ്ഞു എന്നും വിളിച്ച് പറയേണ്ടതുണ്ട്. നമ്മളിപ്പോള്‍ എണ്ണിപ്പറയുന്ന കലാകാരന്മാര്‍ അവരവരുടെ സര്‍ഗശേഷി കൊണ്ട് മാത്രമാണ് അതാത് മേഖലകളില്‍ മുന്നേറിയതെന്ന ചരിത്രസത്യം നമ്മള്‍ മറക്കുകയുമരുത്.
മത്സര നിലവാരം ഉയര്‍ത്താനും അസാംഗത്യങ്ങള്‍ അവസാനിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍, എല്ലാം നിഷ്ഫലമാകുന്നു എന്നാണ് തൃശൂരിലെ കലോ ത്സവ നഗരി പറയുന്നത്. അത് മനസ്സിലാക്കണമെങ്കില്‍ വലിയ ഗവേഷണമൊന്നും വേണ്ടിവരില്ല. നഗരിയിലൂടെ ഒന്ന് നടന്ന് കാര്യങ്ങള്‍ അവലോകനം ചെയ്താല്‍ മതിയാകും.

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി