Connect with us

Editorial

റേഷന്‍ കടകള്‍ ഡിജിറ്റലാകുമ്പോള്‍

Published

|

Last Updated

റേഷന്‍ കടകളില്‍ ഇപോസ് യന്ത്രം സ്ഥാപിക്കുന്ന പദ്ധതിക്ക് ശനിയാഴ്ച തുടക്കമായി. കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷന്‍ കടകളില്‍ ഇപോസ് യന്ത്രം സ്ഥാപിച്ചു മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബയോമെട്രിക് സാങ്കേതിക വിദ്യയിലാണ് ഈ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ചു കാര്‍ഡ് ഉടമക്കും കാര്‍ഡില്‍ പേരുള്ള അംഗങ്ങള്‍ക്കും മാത്രമേ റേഷന്‍ വാങ്ങാനാകൂ. റേഷന്‍ കാര്‍ഡ് ഉടമകളും കാര്‍ഡില്‍ പേരുള്ള അംഗങ്ങളും പൊതുവിതരണ വകുപ്പിന് നല്‍കിയ ആധാര്‍ നമ്പറില്‍ നിന്ന് അവരുടെ കൈവിരലിന്റെ അടയാളം പരിശോധിച്ചാകും റേഷന്‍ നല്‍കുക. ആധാര്‍ ലിങ്ക് ചെയ്ത കുടുബാംഗങ്ങളില്‍ ഒരാളെത്തി വിരലടയാളം പതിപ്പിച്ചാല്‍ മാത്രമേ റേഷന്‍ വസ്തുക്കള്‍ ലഭ്യമാകൂ. റേഷന്‍ നല്‍കുന്ന മുറക്ക് തന്നെ റേഷന്‍ വിതരണ ശൃംഖലയില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യും.

ഇപോസ് യന്ത്രം ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്നുണ്ട്. റേഷന്‍ സാധനങ്ങളുടെ വിതരണത്തിലെ സുതാര്യത ഉറപ്പ് വരുത്തുകയും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പലവിധ തിരിമറികള്‍ക്കും തട്ടിപ്പുകള്‍ക്കും അറുതിവരുത്തുകയുമാണ് ലക്ഷ്യം. ഇപോസ് സ്ഥാപിതമാകുന്നതോടെ ഇതിനെല്ലാം അറുതി വരുമെന്നാണ് കരുതുന്നത്. റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ അത് വാങ്ങിയതായി നാള്‍വഴി രജിസ്റ്ററില്‍ രേഖപ്പെടുത്തുക, കരിഞ്ചന്ത വഴി കൂടിയ വിലക്ക് വില്‍ക്കുക, രസീത് നല്‍കാതെ ധാന്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയവ പല കടകളിലും പതിവാണ്. ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങളുടെ അളവും വിലയും പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കാറില്ല. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കേണ്ട അരി കൃത്യമായി നല്‍കാതെ അനധികൃതമായി അത് 18 മുതല്‍ 30 വരെ രൂപക്ക് പല റേഷന്‍ വ്യാപാരികളും മറിച്ചുവില്‍ക്കുന്നു.

രണ്ട് ദിവസം മുമ്പ് ചങ്ങനാശ്ശേരി ഭാഗത്തെ റേഷന്‍ കടകളിലും സംഭരണ ശാലകളിലും പരിശോധന നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ വടകരയിലും കൊല്ലത്തും നടത്തിയ പരിശോധനകളിലും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തുകയുണ്ടായി. ചിലപ്പോള്‍ റേഷന്‍ കടയിലേക്കെന്ന പേരില്‍ ഗോഡൗണില്‍ നിന്ന് ലോറിയില്‍ കൊണ്ടു വരുന്ന ധാന്യങ്ങള്‍ അപ്പാടെ സ്വകാര്യ മില്ലുകളിലും ഗോഡൗണുകളിലും ഇറക്കാറുണ്ട്. ഒരു മാസം മുമ്പാണ് 7,750 കിലോ അരിയും 1,575 കിലോ ഗോതമ്പും ചവറയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് അനധികൃതമായി കടത്തിയതായി പോലീസ് കണ്ടെത്തിയത്. ഇത്തരം കരിഞ്ചന്തകളുടെ പിന്നില്‍ സിവില്‍ സപ്ലൈസിലെ ഉദ്യോഗസ്ഥരുമുണ്ട്. വിജിലന്‍സ് പരിശോധന കഴിഞ്ഞാല്‍ പൂഴ്ത്തിവെച്ച സാധനങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്കയക്കുകയും റേഷന്‍ കടക്കെതിരെ നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ നടത്തുകയും ചെയ്യും. അതോടെ തീരും മിക്കപ്പോഴും അധികൃതരുടെ നടപടി ക്രമങ്ങള്‍.

സംസ്ഥാനത്തെ 154.80 ലക്ഷം ആളുകള്‍ക്കാണ് നിലവില്‍ സൗജന്യ റേഷന്‍ നല്‍കുന്നത്. 121.40 ലക്ഷം പേര്‍ക്ക് രണ്ടു രൂപ നിരക്കിലും റേഷന്‍ നല്‍കുന്നു. ശേഷിക്കുന്നവര്‍ക്ക് 8.90 രൂപ നിരക്കിലും നല്‍കുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കളില്‍ ചിലര്‍ എല്ലാ മാസവും റേഷന്‍ സാധനങ്ങള്‍ വാങ്ങാറില്ല. ഇങ്ങനെ ബാക്കിവരുന്ന സാധനങ്ങള്‍ രജിസ്റ്ററില്‍ കൃത്രിമമായി ചേര്‍ത്തു കൂടിയ വിലക്ക് വില്‍ക്കുകയാണ് ചെയ്യാറ്. മറിച്ചു വില്‍ക്കുന്ന സാധനങ്ങളാണ് വിജിലന്‍സ് റെയ്ഡുകളില്‍ സ്വകാര്യ കടകളില്‍ നിന്നു പിടിച്ചെടുക്കാറുള്ളത്. ബയോമെട്രിക് സംവിധാനം നിലവില്‍ വന്നാല്‍ സാധനങ്ങളുടെ വരവും പോക്കും, റേഷന്‍ സാധനങ്ങളുടെ നീക്കിയിരിപ്പ് വിഹിതം, റേഷന്‍ കടകള്‍ അടഞ്ഞുകിടക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം അധികൃതര്‍ക്കും പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖാന്തരം ജനങ്ങള്‍ക്കും അറിയാന്‍ സാധിക്കും.
സെപ്തംബര്‍ 30 ആയിരുന്നു ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ അവധി. അല്ലാത്തവര്‍ക്ക് റേഷന്‍ നല്‍കരുതെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശവുമുണ്ട്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ സംസ്ഥാനത്ത് ധാരാളമുണ്ട്. 80 ശതമാനം പേരാണ് സംസ്ഥാനത്ത് ഇതിനകം ലിങ്ക് ചെയ്തത്. ബയോമെട്രിക് സംവിധാനം വരുന്നതോടെ ഇവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് റേഷന്‍ നഷ്ടപ്പടുമോ എന്നാശങ്കയുണ്ട്. ബയോമെട്രിക് വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് റേഷന്‍ നിഷേധിക്കപ്പെട്ട ചിലര്‍ പട്ടിണി മൂലം മരണപ്പെട്ട വാര്‍ത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. സംസ്ഥാനത്ത് അത്തരമൊരു അവസ്ഥയുണ്ടായിക്കൂടാ. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്.

Latest