Connect with us

Articles

പോലീസും ഗതാഗത നിയമങ്ങളും

Published

|

Last Updated

പൊതുവെ വാഹനാപകടങ്ങളും അതുമായി ബന്ധപ്പെട്ട ദാരുണ മരണങ്ങളും കൂടിവരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നിയമങ്ങളുടെ ലംഘനവും ഗതാഗതത്തിരക്കും റോഡിന്റെ ശോചനീയാവസ്ഥയും പരിമിതമായ ഗതാഗത സൗകര്യവും വാഹനങ്ങളുടെ ബാഹുല്യവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും മദ്യപാനവുമൊക്കെ പൊതുനിരത്തുകളിലെ അപകടങ്ങള്‍ക്ക് കാരണങ്ങളാണ്. സുരക്ഷിത യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതിയുണ്ടാക്കുന്നതിനായി, ഗതാഗതസംവിധാനം കാര്യക്ഷമമാക്കാനും മനുഷ്യജീവന് ഹാനി സംഭവിക്കുന്ന സാഹചര്യം ഫലപ്രദമായി തടയാനും, ഉത്തരവാദപ്പെട്ട നിയമപാലകര്‍പോലും നിര്‍ഭാഗ്യവശാല്‍ നടുനിരത്തിലെ മനുഷ്യക്കുരുതികള്‍ക്ക് കാരണക്കാരാകുന്ന കാഴ്ചയാണ് കാണുന്നത്.

സാധാരണക്കാരെ ഗതാഗത നിയമം പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും മത്സരിക്കുമ്പോള്‍ ഈ നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടാക്കാന്‍ പോലീസിനും ബോധവത്കരണ ക്ലാസെടുക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്. ചില പോലീസുദ്യോഗസ്ഥരുടെ നിരുത്തരവാദ രീതിയിലുള്ള വാഹന പരിശോധനകള്‍ അപകടങ്ങള്‍ക്കും ജീവഹാനികള്‍ക്കും ആക്കം കൂട്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. ഏറെ നാളായി ഈ രീതിയിലുള്ള വാഹനപരിശോധനകള്‍ നടക്കുന്നു. അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നു. ആളെക്കൊല്ലുന്ന വാഹനപരിശോധനാ രീതിക്കെതിരെ പൊതുവികാരം ഉയരുമ്പോഴും ഈ പ്രവണത തിരുത്തപ്പെടുന്നില്ല. സാധാരണ പൗരനെ നിയം പഠിപ്പിക്കാന്‍ ഒരുമ്പെടുന്ന പോലീസ് തന്നെ റോഡ് ഗതാഗതത്തെ അരക്ഷിതാവസ്ഥയിലാക്കുന്ന നിയമ ലംഘകരാകാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. റോഡ് നിയമത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും യാതൊരു കാര്യഗൗരവവുമില്ലാത്ത ഒരുപറ്റം പോലീസുകാരെയാണ് വിവിധ ഭാഗങ്ങളില്‍ വാഹനപരിശോധനക്കായി നിയോഗിക്കുന്നത്. ഇത്തരം പോലീസുകാര്‍ വാഹനയാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് തന്നെ ഭീഷണിയായി മാറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശനിയാഴ്ച കാസര്‍കോട് അണങ്കൂറിലുണ്ടായ യുവാവിന്റെ അതിദാരുണമായ അപകടമരണം. പോലീസിന്റെ വാഹന പരിശോധനക്കിടെ ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാര്‍ഥിയായ സുഹൈല്‍ എന്ന ഇരുപതുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു.
പുലര്‍ച്ചെ കാസര്‍കോട് നിന്നു കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ പോലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് സുഹൈല്‍ ബൈക്ക് നിര്‍ത്തുകയായിരുന്നു. ബൈക്ക് പരിശോധിക്കുന്നതിനിടെ പിറകിലൂടെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്ക് സഹിതം എല്ലാവരെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ പോലീസുകാര്‍ക്കും പരുക്കുപറ്റിയിട്ടുണ്ട്. തലക്ക് ഗുരുതരമായി ക്ഷതമേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സുഹൈലിന്റെ ജീവന്‍ മാത്രം രക്ഷിക്കാനായില്ല. രാത്രിയോടെ യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ദിനം പ്രതി ഗതാഗതത്തിരക്കുള്ള ഒരു നിരത്തില്‍ വാഹനപരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട യാതൊരു മുന്‍കരുതലുമില്ലാതെയാണ് അണങ്കൂരില്‍ പോലീസ് സംഘം വാഹനപരിശോധന നടത്തിയത്. നടുറോഡില്‍ ഏതെങ്കിലും വാഹനം പോലീസ് കൈകാണിച്ച് തടഞ്ഞുനിര്‍ത്തുമ്പോള്‍ അതിന് പിറകിലുള്ള വാഹനം ഓടിച്ചുവരുന്നയാളും വാഹനം നിര്‍ത്തണമെന്നില്ല. ഒരുപക്ഷേ വാഹനം നിര്‍ത്തിയാല്‍ കുടുങ്ങുമെന്നു പേടിയുള്ള, എന്തെങ്കിലും നിയമലംഘനം നടത്തിയ ആളാണതെങ്കില്‍ സ്വയരക്ഷയെക്കരുതി മുന്നില്‍ നിര്‍ത്തിയ വാഹനത്തെ മറികടന്നുപോകുമെന്നത് ഉറപ്പാണ്. ചിലര്‍ക്ക് പോലീസ് കൈ കാട്ടുന്നത് കണ്ടാല്‍ തന്നെ വെപ്രാളമാണ്. നിയമ ലംഘനമൊന്നുമില്ലെങ്കിലും വെറുതെ ബേജാറ് തോന്നും. ഇത്തരം സാഹചര്യത്തില്‍ സംഭവിച്ച അപകടമായിരിക്കും സുഹൈല്‍ എന്ന യുവാവിന്റെ ജീവന്‍ പൊലിയാന്‍ കാരണമായിരിക്കുക.

വാഹനപരിശോധന നടത്തുന്ന പോലീസുകാര്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ച് ഹൈക്കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ വാഹനപരിശോധന പാടില്ലെന്നതാണ് അതിലെ പ്രധാന കാര്യം. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരോട് പോലീസ് കൊടുംകുറ്റവാളികളെ പോലെ പെരുമാറരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. വാഹന പരിശോധനക്കിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയായ യുവാവ് മരണപ്പെട്ട സംഭവത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വാഹനങ്ങള്‍ പരിശോധിക്കാന്‍ പോലീസില്‍ നിയമപരമായി അധികാരമുള്ളത് ആര്‍ക്കാണെന്ന ചോദ്യവും ഈ സാഹചര്യത്തില്‍ ഉയരുകയാണ്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരു. മോട്ടോര്‍ വാഹന നിയമപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വാഹനങ്ങള്‍ പരിശോധിക്കാന്‍ നിയമപരമായി അധികാരമുള്ളതെന്നാണ് വ്യവസ്ഥ. അസി. സബ് ഇന്‍സ്‌പെക്ടര്‍ക്ക് പോലും വാഹന പരിശോധന നടത്താന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടും കാസര്‍ക്കോട് അടക്കം പലയിടങ്ങളിലും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ അടക്കമുള്ളവരെയാണ് വാഹനപരിശോധനക്ക് നിയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഷാഡോ പോലീസുകാര്‍ക്ക് വാഹനങ്ങള്‍ പരിശോധിക്കാനുള്ള അധികാരമില്ലെന്ന് ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. തിരക്കേറിയ ജംങ്ഷനുകളിലും കൊടും വളവുകളിലും കയറ്റിറക്കങ്ങളിലും ഇടുങ്ങിയ റോഡുകളിലും പാലത്തിന്റെ മുകളിലും വാഹന പരിശോധന ഒഴിവാക്കേണ്ടതാണെന്ന് അധികൃതരുടെ നിര്‍ദേശവുമുണ്ട്. വാഹന പരിശോധന നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധനാ വാഹനത്തിന്റെ അരികിലെത്തി വാഹന പരിശോധന പൂര്‍ത്തിയാക്കേണ്ടതാണെന്നും വാഹനത്തിലുള്ള യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും ഒരേസമയം ഒന്നില്‍ കൂടുതല്‍ വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പോലീസിന്റെ ഹെല്‍മെറ്റ് വേട്ടയുടെ പേരില്‍ കേരളത്തില്‍ ഒട്ടേറെ മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഹെല്‍മെറ്റ് ധരിക്കാത്തവരുടെ പിറകെ ചെന്ന് അവരെ അപകടത്തില്‍ ചാടിക്കുന്ന പോലീസ് രീതിയിലെ വൈരുധ്യം പോലും അവര്‍ മനസ്സിലാക്കുന്നില്ല. സുരക്ഷിത യാത്ര ഉറപ്പ് വരുത്താനാണ് ഹെല്‍മറ്റ്. അത് ഉറപ്പ് വരുത്താനുള്ള പോലീസ് സമീപനങ്ങള്‍ ആ സുരക്ഷയെ അപകടപ്പെടുത്തുന്നതായാലോ?
ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോഡപകടങ്ങള്‍ തടയാന്‍ ഇത് ആവശ്യവുമാണ്. റോഡ് നിയമം പാലിക്കുകയെന്നത് എല്ലാ പൗരന്‍മാരുടെയും കര്‍ത്തവ്യവുമാണ്. അതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടിഞ്ഞാണിടേണ്ടത് പോലീസിന്റെ ജോലിയുമാണ്. അതേ സമയം ഗതാഗത-റോഡ് നിയമങ്ങള്‍ പാലിക്കാത്തവര്‍ സാധാരണക്കാരാണെങ്കില്‍ ഈ ഭൂലോകത്ത് ജീവിച്ചിരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണെന്ന മനോഭാവത്തോടെ പോലീസ് പെരുമാറുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ല. നിസാരമായ ട്രാഫിക് പ്രശ്‌നങ്ങളുടെ പേരില്‍ പോലും ഭീകരന്‍മാരോടെന്ന പോലെ വാഹനയാത്രക്കാരോട് പെരുമാറുന്ന പോലീസുകാര്‍ ഏറെയാണ്. അനാവശ്യഭീതി പരത്തുന്ന സ്വഭാവക്കാരായ ചില പോലീസുകാരുടെ നടപടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നവരിലുണ്ടാക്കുന്ന ഭയവും വെപ്രാളവും കൊണ്ടുപോകുന്നത് മരണത്തിലേക്കാണ്. റോഡ് സുരക്ഷ നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ ബോധപൂര്‍വമല്ലാത്ത കൊലപാതകങ്ങളാണ് വാഹനപരിശോധനകളുടെ പേരില്‍ നടത്തുന്നത്. അണങ്കൂര്‍ അപകടത്തില്‍ സുഹൈല്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈ യുവാവിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ക്കെതിരെ സ്വാഭാവികമായും രജിസ്റ്റര്‍ ചെയ്യുന്നത് ബോധപൂര്‍വമല്ലാത്ത നരഹത്യക്കുള്ള കേസാണ്. സുഹൈലിനെ അപകടത്തില്‍ പെടുത്തിയത് പോലീസിന്റെ അപക്വമായ പരിശോധനയാണെന്നിരിക്കെ ആ യുവാവിന്റെ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെയും ഇതേ വകുപ്പിട്ടാണ് കേസെടുക്കേണ്ടത്. ഇതിനുപുറമെ വകുപ്പുതല നടപടികളും അനിവാര്യമാണ്. എസ് ഐ റാങ്കിലുള്ള പോലീസുദ്യോഗസ്ഥരാണ് വാഹനപരിശോധനക്ക് നേതൃത്വം നല്‍കേണ്ടതെന്നിരിക്കെ പലയിടത്തും വാഹനപരിശോധകരായി എത്തുന്നത് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരും മറ്റുമാണ്.
മാസാവസാനമാകുമ്പോള്‍ സ്ഥിരവരുമാനത്തിന് പുറമെ പ്രത്യേക സാമ്പത്തിക വരുമാനമുണ്ടാകുമെന്നതിനാലാണ് വാഹന പരിശോധനയില്‍ മാത്രം അമിതാവേശം ചില പോലീസുകാര്‍ കാണിക്കുന്നതെന്ന വിമര്‍ശനം അസ്ഥാനത്താകുന്നില്ല. കാസര്‍കോട്ടെ പോലീസ് കാഴ്ചപ്പാടില്‍ ഏറ്റവും വലിയ കുറ്റകൃത്യം ഹെല്‍മെറ്റ് ധരിക്കാത്തതും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതും മാത്രമാണ്. എന്നാല്‍, നാടിന്റെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്ന കൊടും കുറ്റവാളികളും മാഫിയാ സംഘങ്ങളും കണ്‍മുന്നില്‍ വിലസുമ്പോഴും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനാകുന്നില്ല. വ്യാപകമായി കഞ്ചാവ് വിപണനം നടത്തി ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ഇടത്തരം അധോലോക ഗ്രൂപ്പുകള്‍ തന്നെ നമ്മുടെ നാട്ടിലുണ്ട്. ലഹരി വിപണനത്തിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പോലും ബുദ്ധിയെയും ക്രയശേഷിയെയും നശിപ്പിച്ചുകൊണ്ട് അവരെ അക്രമകാരികളും സാമൂഹിക വിരുദ്ധരുമാക്കി മാറ്റുന്ന കഞ്ചാവ് മാഫിയാ സംഘങ്ങളെ തളയ്ക്കാന്‍ നിയമപാലകരുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികളൊന്നും കാണുന്നില്ല. മദ്യത്തിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായവര്‍ നടത്തുന്ന അക്രമങ്ങളും ഭീതിദമായ കൊലപാതകങ്ങളും സംസ്ഥാനം അനുഭവിച്ചുവരുന്ന വലിയൊരു ക്രമസമാധാന പ്രശ്‌നമാണ്. ഗുണ്ടാക്വട്ടേഷന്‍ സംഘങ്ങളുടെ തേര്‍വാഴ്ചകളും നാടിനെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ്. മാഫിയാസംഘങ്ങളുടെ വിളയാട്ടങ്ങളും അതിക്രമങ്ങളും സജീവമാണ്. ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കിയാല്‍ പോലും കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ ആള്‍ബലവും പണവും രാഷ്ട്രീയ സ്വാധീനവുമുള്ളവരാണെങ്കില്‍ അവരെ ഒന്നും ചെയ്യാതെ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നു.
ക്രമസമാധാന രംഗത്ത് പരമപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതെ റോഡ് നിയമങ്ങളില്‍ മാത്രം പോലീസ് കേന്ദ്രീകരിക്കുകയും ചില പോലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെക്കാള്‍ വലിയ നിയമലംഘകരായി മാറുകയും ചെയ്യുന്ന സ്ഥിതിവിശേഷം വെച്ചുപൊറുപ്പിക്കാനാവില്ല. പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതാണ് ഏറ്റവും വലിയ സുരക്ഷയെന്ന വസ്തുത പോലീസ് മറക്കരുത്. റോഡ് നിയമങ്ങളെക്കുറിച്ച് ക്ലാസുകളും ബോധവത്കരണങ്ങളും നടത്തുമ്പോള്‍ തന്നെ വാഹനപരിശോധനക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ക്കും പെരുമാറ്റച്ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം.