Connect with us

Kerala

വിജ്ഞാന മികവിന്റെ മഹാസാക്ഷ്യം

Published

|

Last Updated

മര്‍കസ് റൂബി ജൂബിലി സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തുന്നു ചിത്രം: ശിഹാബ് പള്ളിക്കല്‍

മര്‍കസ് നഗര്‍: പര്യവേക്ഷണത്തിന്റെ മികവിലേക്ക് ജാലകങ്ങള്‍ തുറന്നിട്ട് ജനലക്ഷങ്ങളുടെ മഹാസംഗമത്തോടെ മര്‍കസ് റൂബി ജൂബിലിക്ക് ഉജ്ജ്വല പരിസമാപ്തി. നാല്‍പ്പതിന്റെ നിറവില്‍ അറിവക്ഷരങ്ങളുടെ കരുത്തും പാരസ്പര്യത്തിന്റെ വര്‍ത്തമാനവും പങ്കിട്ട് സമ്മേളനം മഹാവിളംബരമായി. ദേശ, വിദേശ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മര്‍കസിന്റെ സ്‌നേഹസാമീപ്യം ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. സൂഫികളുടെയും സയ്യിദന്മാരുടെയും പണ്ഡിതരുടെയും പ്രാര്‍ഥനകളില്‍ ലയിച്ചുചേര്‍ന്ന പ്രവര്‍ത്തകര്‍, മര്‍കസിന്റെ മണ്ണില്‍ മനുഷ്യ സമുദ്രം തീര്‍ത്തു. മുത്വലാഖും സലഫി ഭീകരതയും ആഴത്തില്‍ ചര്‍ച്ച ചെയ്ത സമ്മേളനം വര്‍ത്തമാന വിഷയങ്ങളുടെ വിശകലനമായി. മഹാസംഗമത്തില്‍ സ്‌നേഹസാന്നിധ്യമാകാന്‍ അഷ്ടദിക്കുകളില്‍ നിന്ന് ജനസഹസ്രങ്ങള്‍ രാവിലെ മുതല്‍ മര്‍കസ് നഗരിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഉച്ചയോടെ നഗരിയും പരിസരവും ജനനിബിഡമായി. ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നാല് ദിവസം നീണ്ടുനിന്ന സമ്മേളനത്തിലെ അതിഥികളായി.

പര്യവേക്ഷണം വൈജ്ഞാനിക മികവിന്” എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നുവരുന്ന ആഘോഷ പരിപാടികളാണ് നാല് നാള്‍ നീണ്ടുനിന്ന സമ്മേളനത്തോടെ സമാപിച്ചത്. ശരീഅത്ത് കോളജില്‍ നിന്ന് 1261 പേര്‍ക്ക് സഖാഫി ബിരുദവും 103 പേര്‍ക്ക് ബിരുദാനന്തര ബിരുദവും ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് 198 പേര്‍ക്ക് ഹാഫിള് ബിരുദവും 692 വിദ്യാര്‍ഥിനികള്‍ക്ക് ഹാദിയ ബിരുദവും വിതരണം ചെയ്തു.
സമാപന സമ്മേളനം എമിറേറ്റസ് റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ. ശൈഖ് ഹംദാന്‍ മുസല്ലം അല്‍മസ്‌റൂഇ ഉദ്ഘാടനം ചെയ്തു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ടുണീഷ്യയിലെ സൈത്തൂന യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഹിഷാം അബ്ദുല്‍ കരീം ഖരീസ സനദ്ദാനം നിര്‍വഹിച്ചു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളെ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്