Connect with us

Kerala

മികവ് പുലര്‍ത്തി കോല്‍ക്കളി

Published

|

Last Updated

ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് വടകര എം യു എം വി എച്ച് എസ് എസ് ടീം

തൃശൂര്‍: കൈയും മെയും കണ്ണും കാതുമെല്ലാം സമന്വയിച്ചുള്ള പുരാണ കലാരൂപമായ കോല്‍ക്കളിയായിരുന്നു കൗമാര കലാമേളയിലെ ഇന്നലത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മാപ്പിളപ്പാട്ടിന്റെയും മദ്ഹ് ഗാനങ്ങളുടെയും ഇശലുകള്‍ക്കും ശീലുകള്‍ക്കുമൊപ്പം താളാത്മകമായ ചുവടുകളുമായി കളിക്കാര്‍ ഇരട്ടക്കോലുകളില്‍ വിസ്മയം തീര്‍ത്തു. താ കിട കിട ചേം, തകൃതാ തില്ലത്തൈ, തിത്താ തിത്താ തിന്തത്താ കിട, തക്കിട തില്ലത്തൈ തുടങ്ങിയ വായ്ത്താരികളില്‍ താളാത്മകമായും മെയ് വഴക്കത്തോടെയും ശരവേഗത്തില്‍ കോലുകള്‍ കൂട്ടിയടിച്ച് കളിക്കാര്‍ കൊട്ടിക്കയറിയപ്പോള്‍ വേദിയാകെ ആവേശക്കൊടുമുടിയില്‍ ഇളകിമറിഞ്ഞു.

ഒന്നിനൊന്ന് മികവ് പുലര്‍ത്തിയതായിരുന്നു ഓരോടീമുകളുടെയും അരങ്ങേറ്റം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ച 26 ടീമുകളില്‍ 17 ടീമുകളും എഗ്രേഡ് കരസ്ഥമാക്കി. ലോകായുക്തയുടെ അപ്പീലുമായെത്തി മത്സരിച്ച കൊല്ലം ചിതറ ജി എച്ച് എസ് എസും, തിരുവനന്തപുരം തോന്നക്കല്‍ ജി എച്ച് എസ് എസും ഒന്നാം സ്ഥാനവുമായി മടങ്ങി. ആദ്യമായി സംസ്ഥാനകലോത്സാവത്തിനെത്തിയ കോഴിക്കോട് വടകര എം യു എം വി എച്ച് എസ് എസിനും എ ഗ്രേഡ് ലഭിച്ചു.

Latest