മാപ്പിളപ്പാട്ട് വേദിയില്‍ ഇശല്‍ മഴ പെയ്യിച്ച് ബദറുദ്ദീന്‍ പാറന്നൂറിന്റെ വരികള്‍

Posted on: January 8, 2018 7:07 am | Last updated: January 8, 2018 at 12:08 am

തൃശൂര്‍: സംസ്ഥാന കലോത്സവത്തിന്റെ മാപ്പിളപ്പാട്ട് വേദികള്‍ ബദ്ദറുദ്ദീന്‍ പാറന്നൂറിന്റെ ഇശലുകള്‍ പെയ്‌തൊഴുകി. മാപ്പിളപാട്ട് മത്സരത്തില്‍ മുഴുവന്‍ വിഭാഗങ്ങളിലുമായി 14 പേരാണ് ബദറുദ്ദീന്‍ പാറന്നൂര്‍ രചിച്ച മാപ്പിളപ്പാട്ടുകള്‍ പാടിയത്. ഇതില്‍ 12 പേര്‍ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആറ് പേര്‍ക്കും ആണ്‍കുട്ടികളില്‍ രണ്ട് പേര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളില്‍ രണ്ട് പേര്‍ക്കും പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
കലോത്സവത്തിന് വേണ്ടി എഴുതുന്നതോ പരിശീലിക്കുന്നതോ അല്ല കോഴിക്കോട് പരപ്പില്‍ എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ അധ്യാപകന്റെ രീതി.
അറബി സാഹിത്യത്തെ നെഞ്ചോട് ചേര്‍ക്കുന്ന ബദറുദ്ദീന്‍ പാറന്നൂര്‍ സീറത്തുന്നബവി എന്ന പേരില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇശല്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. 64 ഇശലുകളാണ് ഇതുവരെ ബദറുദ്ദീന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട് മത്സരത്തിലെ നാല് സ്ഥാനങ്ങളും ബദറുദ്ദീന്റെ ഇശലുകള്‍ക്കായിരുന്നു.

കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള അക്കാദമിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ബദറുദ്ദീന്‍ പാറന്നൂര്‍. അറബി സാഹിത്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം, ബി എഡ്, സെറ്റ് യോഗ്യതകള്‍ നേടിയിട്ടുണ്ട്.