ഇത് അധികമാരും അറിയാത്ത തേക്കിന്‍കാടിന്റെ കഥ

Posted on: January 8, 2018 1:05 am | Last updated: January 8, 2018 at 12:07 am
SHARE

തൃശൂര്‍: കലോത്സവത്തിന്റെ പകലിരവുകള്‍ക്ക് വേദിയായ തേക്കിന്‍കാട് ഈ നിലയില്‍ വളര്‍ന്നതിന് പിന്നില്‍ ഒരു നീണ്ട കഥയുണ്ട്; പുതുതലമുറയിലെ അധികം ആരും അറിയാത്ത പഴങ്കഥ. ഒരുകാലത്ത് കൊള്ള സംഘത്തിന്റെ വിഹാര കേന്ദ്രമായിരുന്നു ഈ കൊടുംകാട്. കലാപ്രേമികള്‍ക്ക് അവിസ്മരണ നിമിഷങ്ങള്‍ സമ്മാനിച്ച് കലോത്സവ ദിനങ്ങള്‍ ഒന്നൊന്നായി പിന്നിടുമ്പോള്‍ ആ ചരിതം കൂടി വീണ്ടും പൊടിതട്ടിയെടുക്കുകയാണ് കലോത്സവം കാണാനെത്തിയ മുതിര്‍ന്ന പൗരന്മാര്‍. സാംസ്‌കാരിക നഗരിയായി സംസ്ഥാന ചരിത്രത്തില്‍ ഇടം പിടിച്ച തേക്കിന്‍കാടിന്റെയും തൃശൂരിന്റെയും ഈ വഴിമാറ്റത്തിന് തിരി തെളിയിച്ചത് തൃശൂരിന്റെ ശക്തന്‍ തമ്പുരാന്‍ തന്നെയായിരുന്നു.
വടക്കുംനാഥന്‍ ക്ഷേത്രത്തിന് ചുറ്റും തേക്ക് മരം നിറഞ്ഞൊരു കാലമുണ്ടായിരുന്നുവെന്നാണ് ചരിത്രം.

വിലപിടിപ്പുള്ള ഈ തേക്ക് തടികള്‍ വെട്ടിയെടുക്കാന്‍ കൊള്ളസംഘം ഇവിടെ തമ്പടിച്ചിരുന്ന കാലത്തെ കുറിച്ച് തൃശൂരിലെ പ്രായം ചെന്നവരില്‍ ചിലര്‍ ഇന്നും അയവിറക്കുന്നു. കൊള്ളസംഘത്തെ നേരിടാന്‍ ശക്തന്‍ തമ്പുരാന്‍ കൊടും വനം വെട്ടി നശിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ അലയടിച്ചുവെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്ന് കാട് വെട്ടി തസ്‌കരരെ തുരത്തിയെന്നാണ് പറയപ്പെടുന്നത്.

നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ റൗണ്ട് എബൗട്ടായ സ്വരാജ് റൗണ്ട് തേക്കിന്‍കാടിന് ചുറ്റുമായത് പിന്നീട് സംഭവിച്ച ചരിതം. 64 ഏക്കര്‍ വിസ്തൃതിയുള്ള ഈ മൈതാനത്തെ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തെ പ്രധാന നഗരമായ തൃശൂര്‍ ഇന്ന് തലയുയര്‍ത്തിനില്‍ക്കുന്നത്. തൃശൂര്‍ പൂരവും പുലിക്കളിയുമെല്ലാം ഈ വിശാലമായ മൈതാനിയില്ലായിരുന്നുവെങ്കില്‍ ഇത്രയും സുന്ദരമായി നടത്താനാകില്ലായിരുന്നു.
ഗാന്ധിജിയുടെ പ്രസംഗത്തിന് സാക്ഷിയായ മണികണ്ഠനാല്‍ത്തറ മുതല്‍ മുന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമഥേയത്തിലുള്ള നെഹ്‌റുപാര്‍ക്ക് വരെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തേക്കിന്‍കാട്ടിനെ സുന്ദരമാക്കുന്നു.