Connect with us

Kerala

കുഞ്ഞാശാന്റെ ശിഷ്യര്‍ ഒന്നാം സ്ഥാനത്ത്

Published

|

Last Updated

ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ എ ഗ്രേഡ് നേടിയ
പിണങ്ങോട് ഡബ്ല്യു എം ഒ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗുരു റിന്‍ശാദിനൊപ്പം
ആഹ്ലാദം പങ്കിടുന്നു

തൃശൂര്‍: പൂരത്തിന്റെയും വേലകളുടെയും നാട്ടില്‍ മിന്നായം കണക്കെ മെയ് വഴക്കത്തോടെ സംഘങ്ങള്‍ കോലടിച്ചപ്പോള്‍ വേവലാതിയേതുമില്ലാതെ കാണികള്‍ക്കിടയില്‍ അയാള്‍ തലയുയര്‍ത്തി നിന്നു. കളിക്കോലുകളുടെ കൂട്ടിയുരുമ്മലില്‍ ഒപ്പം കൈയടിച്ചും താളമിട്ടും ലയിച്ച് ചേര്‍ന്നു.
വായ്ത്താരികള്‍ക്കും ഇശലുകള്‍ക്കുമൊത്ത് മെയ് വഴക്കത്തോടെ കോലടിച്ച്, കോല്‍ക്കളി സംഘം ആസ്വാദകരുടെ മനസ്സിലേക്കു കൂടി കളിച്ചു കയറിയപ്പോള്‍ റിന്‍ശാദ് എന്ന കുഞ്ഞാശാന്റെ കണ്ണും മനസ്സും നിറഞ്ഞു. കോല്‍ക്കളിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ആശാനെന്ന പേരും പേരുമയും റിന്‍ശാദിന് ചാര്‍ത്തിക്കൊടുത്ത കലോത്സവം കൂടിയാണ് ഇക്കുറി പൂരനഗരിയില്‍ അരങ്ങു തകര്‍ത്തത്. ഗുരുവായ കോഴിക്കോട് സ്വദേശി കോയയുടെ കീഴില്‍ കളി പഠിപ്പിച്ച് അരങ്ങത്തെത്തി.

പിണങ്ങോട് സ്‌കൂളിലെ കുട്ടികളെ പരിശീലിപ്പിച്ച് അണിയറില്‍ ചുവടുറപ്പിച്ച ഈ ഇരുപത്തൊന്നുകാരന്‍ മാപ്പിളകലകളില്‍ ഏറ്റവും ജനപ്രിയമായ കോല്‍ക്കളിയുടെ സകല അടവുകളും പഠിച്ചു പയറ്റിയ ആശാനായി മാറുകയാണ്. അല്ലെങ്കില്‍ കാലം മാറ്റുകയാണ്. പതിനാലാം വയസ്സില്‍ അരങ്ങത്തെത്തിയ റിന്‍ശാദിന്റെ കോല്‍ക്കളി ജീവിതം സംഭവ ബഹുലമാണ്.
2015ല്‍ വയനാട് വെള്ളമുണ്ടയില്‍ ജില്ലാ കലോത്സവം നടക്കുന്നു. റിശാന്‍ദിന്റെ സംഘം വിജയപീഠത്തിലേക്ക് കയറുമ്പോള്‍ പൊടുന്നനെ വേദി തകര്‍ന്ന് വീണു. റിന്‍ശാദിന്റെ കാല്‍ കുടുങ്ങി മുറിഞ്ഞ് ചോരയൊഴുകുന്നു. കാണികള്‍ ഗംഭീരമെന്ന് വിധിയെഴുതിയ മത്സരത്തില്‍ റിന്‍ശാദിന്റെ സംഘം പിന്തള്ളപ്പെട്ടു. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അപ്പീല്‍ നല്‍കിയെങ്കിലും ഗുണമുണ്ടായില്ല. അക്കൊല്ലം സ്‌കൂളിന്റെ പടിയിറങ്ങിയെങ്കിലും പരാജയപ്പെടാന്‍ റിന്‍ഷാദ് ഒരുക്കമായിരുന്നില്ല.
പിണങ്ങോട് സ്‌കൂളിന്റെ പടിയിറങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ റിന്‍ശാദ് കഴിവ് തെളിയിച്ചു. അതേ സ്‌കൂളിലെ കുട്ടികളെ തന്നെ പരിശീലിപ്പിച്ച് അവരെ ഒന്നാമതെത്തിച്ചു. കാറ്റഗറിചട്ടം സംസ്ഥാനതലത്തിലെത്താന്‍ ഇദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് വിനയായി. വീണ്ടും നിയമ പോരാട്ടം. ഒടുവില്‍ സംസ്ഥാനതലത്തില്‍ മത്സരിച്ച് ഒന്നാമതെത്തി.

ഇക്കുറിയും റിന്‍ഷാദ് പതിവ് തെറ്റിച്ചില്ല. കുഞ്ഞാശാന് ഇക്കുറി രണ്ടു ടീമുകളെയാണ് പരിശീലിപ്പിക്കേണ്ടി വന്നത്. തന്റെ തട്ടകമായ പിണങ്ങോട് സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തെ ആദ്യവിജയത്തിലെത്തിച്ചു. ഇന്ന് പനമരം ക്രസന്റ് ഹൈസ്‌കൂളിലെ കുട്ടികള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിക്കും. ഇക്കുറി മറ്റു ചില സ്‌കൂളുകളില്‍ കൂടി റിന്‍ശാദ് സഹ പരിശീലകനായിരുന്നു. കോഴിക്കോട് ജെ ഡി ടി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വയനാട്കാരന്‍ റിന്‍ശാദിന് കുഞ്ഞു ശിഷ്യരോട് ഒരുപദേശമുണ്ട്. നാട്ടു തനിമ ചോരാതെ കളിക്കണം. കാരണം കല ഒരു പ്രാര്‍ഥന കൂടിയാണ്.

 

 

Latest