യോഗിയുടെ വസതിക്ക് മുമ്പില്‍ ഉരുളക്കിഴങ്ങ് പ്രതിഷേധം

Posted on: January 8, 2018 8:32 am | Last updated: January 8, 2018 at 8:40 am
SHARE

ലക്‌നോ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പിലും നിയമസഭക്ക് മുമ്പിലും ഉരുളക്കിഴങ്ങ് നിക്ഷേപിച്ച് കര്‍ഷകരുടെ പ്രതിഷേധം. ലക്‌നോവിലെ വിവിധ ഇടങ്ങളില്‍ ഇത്തരം പ്രതിഷേധം പടരുകയാണ്. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്തും നിയമസഭാ മന്ദിരത്തിനടുത്തും ഉരുളക്കിഴങ്ങ് കൊണ്ടിട്ടതുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് നാല് കോണ്‍സ്റ്റബിള്‍മാരെയും ഒരു സബ് ഇന്‍സ്‌പെക്ടറെയുമാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങിന് സര്‍ക്കാര്‍ 487 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. ഇത് അപര്യാപ്തമാണെന്ന് കാണിച്ചാണ് കര്‍ഷകര്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നത്. താങ്ങുവില ആയിരം രൂപയാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. രാത്രിയാണ് കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൊണ്ടുവന്നിട്ടത്. കനത്ത സുരക്ഷാ മേഖലയില്‍ കടന്ന് ഈ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധിച്ചത് പോലീസിന് നാണക്കേടായിട്ടുണ്ട്.

മഞ്ഞ് മൂടിയ സാഹചര്യം മുതലാക്കിയാണ് അതിക്രമിച്ച് കടക്കലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോയതോടെ ഉരുളക്കിഴങ്ങ് ചതഞ്ഞരഞ്ഞ് കിടക്കുകയാണ്. ശുചീകരണ തൊഴിലാളികള്‍ ഏറെ പാടുപെട്ടാണ് പരിസരം വൃത്തിയാക്കിയത്.
ഉരുളക്കിഴങ്ങ് നിക്ഷേപിച്ച വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും എസ് പി വ്യക്തമാക്കി. അതിനിടെ, റോഡില്‍ കിടന്ന ഉരുളക്കിഴങ്ങ് പെറുക്കാന്‍ നിരവധി പേര്‍ വിധാന്‍ സഭാ പരിസരത്ത് എത്തി. ഇത്തരത്തിലുള്ള പ്രതിഷേധം ലക്‌നോയില്‍ പുതിയതല്ല. കഴിഞ്ഞ ഒക്ടോബറില്‍ നൂറ് കണക്കിന് കരിമ്പ് കര്‍ഷകര്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ കരിമ്പ് കത്തിച്ചിരുന്നു. താങ്ങു വില പത്ത് രൂപ മാത്രം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അത്. അന്ന് ഭാരതീയ കിസാന്‍ യൂനിയനായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here