Connect with us

National

മോദിയുടെ കശ്മീര്‍ നയം പരാജയമെന്ന് ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ കശ്മീര്‍ നയത്തെ കണക്കുകള്‍ നിരത്തി വമര്‍ശിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഭീകരവാദം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. മസില്‍ പവര്‍ പുറത്തെടുത്തത് കൊണ്ട് മാത്രം കാര്യമില്ല. കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെയും സാധാരണക്കാരുടെയും എണ്ണം 2014നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇരട്ടിയായി. 2014ല്‍ 28 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 2017ല്‍ അത് 57 ആയെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. മരിച്ച സൈനികരുടെ എണ്ണം 47ല്‍ നിന്ന് 83 ആയി.

നേരത്തേ 110 തീവ്രവാദികളാണ് കൊല്ലപ്പെട്ടതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 218 ആയി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നയം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന് മുന്‍ പ്രധാനമന്ത്രിമാരായ വാജ്പയിയും മന്‍മോഹന്‍ സിംഗും കൈകൊണ്ട നടപടികള്‍ എക്കാലത്തും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു കൂട്ടം ട്വീറ്റ് വഴിയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

ചിദംബരത്തിന് പിറകേ കപില്‍ സിബലും വിമര്‍ശവുമായി രംഗത്തെത്തി. സൈനികരും പോലീസും നിരന്തരം കൊല്ലപ്പെടുന്ന അവസ്ഥക്ക് അറുതി വേണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു. അതേസമയം, കോണ്‍ഗ്രസിന് മറുപടിയുമായി ബി ജെ പി വക്താവ് ജി വി എല്‍ നരസിംഹ റാവു രംഗത്തെത്തി. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നതില്‍ എപ്പോഴെങ്കിലും കോണ്‍ഗ്രസ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കുകയാണെന്നും അവരുടെ ട്വീറ്റുകള്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നതാണൈന്നും അദ്ദേഹം ആരോപിച്ചു.