എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കരുതെന്ന് പാര്‍ലിമെന്ററി സമിതി

Posted on: January 7, 2018 8:04 pm | Last updated: January 7, 2018 at 10:07 pm
SHARE

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കരുതെന്ന് പാര്‍ലിമെന്ററി സമിതി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള അനുയോജ്യമായ സമയമല്ല ഇതെന്നും അഞ്ച് വര്‍ഷം കൂടി നല്‍കുകയാണെങ്കില്‍ കടക്കെണിയില്‍ നിന്ന് കരകയറാന്‍ കമ്പനിക്ക് സാധിക്കുമെന്നും ഇതു സംബന്ധിച്ച പാര്‍ലിമെന്ററി സമിതി അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യയുടെ കടം എഴുതിത്തള്ളണം. പാഴ്‌ച്ചെലവ് കുറക്കുന്ന പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കുകയും വേണം. വന്‍ പലിശക്ക് വായ്പയെടുത്തതാണ് കമ്പനിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. എന്നാല്‍ അല്‍പ്പം സമയം നല്‍കുകയും പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്താല്‍ എയര്‍ ഇന്ത്യയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന് ഗതാഗതം, റൂറിസം, സംസ്‌കാരം എന്നിവക്കുള്ള സ്ഥിരം സമിതി വിലയിരുത്തുന്നു. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിന് ബദല്‍ സംവിധാനം ആവിഷ്‌കരിക്കുകയാണ് വേണ്ടത്.

ദേശീയ അഭിമാനമായ കമ്പനിയുടെ ഓഹരികള്‍ കൈവിടുന്നത് പരിഹാരമല്ല. വരവ് ചെലവ് കണക്കില്‍ മാത്രം കണക്കിലെടുത്ത് എയര്‍ ഇന്ത്യയെ കാണുന്ന നിതി ആയോഗിന്റെ നിലപാട് ശരിയല്ല. ദേശത്തോ വിദേശത്തോ പ്രകൃതി ക്ഷോഭങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അത്‌കൊണ്ട് ലാഭാധിഷ്ഠിതമായി മാത്രം കമ്പനിയെ കാണാനാകില്ലെന്നും സമിതി വ്യക്തമാക്കുന്നു.
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് വിശദമായി തെളിവെടുത്ത ശേഷമാണ് സമിതി അതിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍ വില്‍ക്കുന്നത് ദുരുദ്ദേശ്യപരമാണ്. എയര്‍ ഇന്ത്യാ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ്, എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങള്‍ ലാഭത്തിലാണ്. ഇവയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കരുത്.

എയര്‍ ഇന്ത്യ കടമെടുത്തതെല്ലാം വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ്. അതുകൊണ്ട് തന്നെ കടം എഴുതിത്തള്ളണം. സര്‍ക്കാറിന്റെ അമിത നിയന്ത്രണമില്ലാത്ത പൊതു മേഖലാ സ്ഥാപനമായി എയര്‍ ഇന്ത്യയെ നിലനിര്‍ത്തുകയാണ് വേണ്ടത്. സ്വകാര്യവത്കരണം ഒഴിച്ചു കൂടാത്തതാണെങ്കില്‍ തൊഴിലാളി ആനുകൂല്യങ്ങള്‍ പൂര്‍ണമായി നല്‍കിക്കൊണ്ടാകണമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

2017-18 വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ പ്രതീക്ഷിത കടം 3579 കോടി വരുമെന്നാണ് കണക്ക്. എന്നാല്‍ സ്ഥാപനത്തിന്റെ പ്രതീക്ഷിത പ്രതിവര്‍ഷ ലാഭം ഇക്കാലയളവില്‍ 531 കോടിയായിരിക്കുമെന്നാണ് പാര്‍ലിന്റില്‍ വെച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016-17 കാലയളവില്‍ പ്രവര്‍ത്തന ലാഭം 215 കോടി മാത്രമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here