ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു

Posted on: January 7, 2018 9:05 pm | Last updated: January 8, 2018 at 12:33 am
SHARE

കേപ്ടൗണ്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കനത്ത മഴയെ തുടര്‍ന്ന്് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. മഴ ശമിക്കാത്തതിനെ തുടര്‍ന്ന് ആദ്യ രണ്ട് സെക്ഷനുകളും ഉപേക്ഷിച്ചിരുന്നു. പിന്നീട് ചായക്ക് ശേഷം പിച്ച് പരിശോധിച്ച അമ്പയര്‍മാര്‍ മൂന്നാം ദിവസത്തെ കളി പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാലാം ദിനം കളി നേരത്തെ ആരംഭിക്കും. മൂന്നാം ദിനത്തിലെ കളി ഉപേക്ഷിച്ചതിനാല്‍ നാലാം ദിനം 98 ഓവര്‍ കളിക്കും. രണ്ട് വിക്കറ്റിന് 65 റണ്‍സെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയാണ് ബാറ്റ് ചെയ്യുന്നത്.

എട്ട് വിക്കറ്റുകള്‍ ശേഷിക്കേ ആതിഥേയര്‍ക്ക് 142 റണ്‍സിന്റെ ലീഡാണുള്ളത്. നൈറ്റ് വാച്ച്മാന്‍ കാഗിസോ റബാഡ (രണ്ട്), ഹാഷിം അംല (നാല്) എന്നിവരാണ് ക്രീസില്‍. മര്‍ക്രാം (34), എല്‍ഗാര്‍ (25) എന്നിവരാണ് പുറത്തായത്.
ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 209 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്നിംഗ്‌സില്‍ 95 പന്തില്‍ 93 റണ്‍സെടുത്ത പാണ്ഡ്യയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഭുവനേശ്വര്‍ കുമാര്‍ വാലറ്റത്ത് 25 റണ്‍സെടുത്തതും മികച്ച പോരാട്ടമായി. 86 പന്തുകളാണ് ഭുവി നേരിട്ടത്.