Connect with us

Kerala

മന്‍മോഹന്‍സിംഗിനെ അവഹേളിച്ച മന്ത്രിയെ സംരക്ഷിക്കുന്നത് സിപിഎമ്മിന്റെ ജീര്‍ണത തെളിയിക്കുന്നു:വിടി ബല്‍റാം

Published

|

Last Updated

പാലക്കാട്: എ.കെ.ജിക്കെതിരെ പരാമര്‍ശം നടത്തി വിവാദത്തില്‍പെട്ട വി.ടി.ബല്‍റാം എംഎല്‍എ സിപിഎമ്മിന് മറുപടിയുമായി രംഗത്ത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമമന്ത്രി പിണറായി വിജയനും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജീര്‍ണതയാണ് തെളിയിക്കുന്നതെന്ന് വിടി ബല്‍റാം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

ലോകത്തേറ്റവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മധ്യവര്‍ഗത്തിലേക്കുയര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ് മന്‍മോഹന്‍ സിംഗ്. ആ നിലയ്ക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണ്ണു വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരുക്കാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. വിവരദോഷിയായ മന്ത്രിക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സര്‍ക്കാരിനും ഇല്ല എന്നതാണ് ആ പാര്‍ട്ടിയുടെയും കേരള സംസ്ഥാനത്തിന്റെയും ദുരന്തമെന്നു ബല്‍റാം കൂട്ടിച്ചേര്‍ത്തു.

വി.ടി.ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം….

ഡോ. മന്‍മോഹന്‍ സിങ്ങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണത തെളിയിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുന്‍ പ്രധാനമന്ത്രിയെ ഹീനഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്‍മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സര്‍ക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി/ഭരണ നേതൃത്വങ്ങളാണ്.

ഡോ. മന്‍മോഹന്‍ സിങ് ഈ നാടിന്റെ വിവേകമാണ്; ജനഹൃദയങ്ങളില്‍ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മിഡില്‍ ക്ലാസിലേക്കുയര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ്. ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സര്‍ക്കാരിനും ഇല്ല എന്നതാണ് ആ പാര്‍ട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം.

ഉയര്‍ന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച് ഉയര്‍ന്നുവരാത്തതുമായ പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തെയും മറന്ന നിര്‍ഗുണ സഖാക്കള്‍ ഓര്‍ക്കുന്നത് നന്ന്. ഡോ. മന്‍മോഹന്‍സിങ്ങിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്നു മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സര്‍ക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.