Connect with us

Kerala

എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല നിങ്ങള്‍; പോലീസുകാരോട് കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി

Published

|

Last Updated

കൊല്ലം : മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ . എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓര്‍മ വേണമെന്നു അദ്ദേഹം പറഞ്ഞു. കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമാണ് പോലീസിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു

പൊലീസിനു അവരുടേതായ രീതികള്‍ പ്രകടിപ്പിക്കാനാണു സ്വാഭാവികമായി താല്‍പര്യമുണ്ടാവുക. രണ്ടു തെറി പറയുക, പറ്റുമെങ്കില്‍ നാലു ചാര്‍ത്തിക്കൊടുക്കുക ഇങ്ങനെയെല്ലാമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്കെന്തോ അവകാശമുണ്ട് എന്നു പഴയകാലമുതല്‍ക്കെ നമ്മുടെ നാട്ടില്‍ പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. എന്നാല്‍ കാലം മാറി. പൊലീസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലര്‍ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാന്‍ തയാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലത്തെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ കേസന്വേഷണം നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് ഓഫിസിനു ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.