Connect with us

Kerala

ജനലക്ഷങ്ങൾ മർകസിൽ; ചരിത്ര‌ം വഴിമാറുന്നു

Published

|

Last Updated

മര്‍കസ് റൂബി ജൂബിലി സമാപന സമ്മേളനം റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ ഉദ്ഘാടനം ചെയ്യുന്നു

മര്‍കസ്‌നഗര്‍: ചരിത്രം മര്‍കസിന് മുന്നില്‍ വഴിമാറുകയാണ്. മുസ്‌ലിം മുന്നേറ്റത്തിന്റെ പുതുയുഗ പിറവിയാണിത്. ഈ മഹാപ്രവാഹം ഒരു അടയാളമാണ്. മര്‍കസ് ആര്‍ജ്ജിച്ച കരുത്തിന്റെ നേര്‍സാക്ഷ്യം. മുഖംതിരിച്ച് നില്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. ഈ ജനസഞ്ചയം മര്‍കസിനുള്ള പിന്തുണയാണ്. ഈ വൈജ്ഞാനിക കേന്ദ്രത്തിനുള്ള സംരക്ഷണ കവചം. മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജമാകുമെന്നാണ് ഈ പ്രവാഹം പ്രഖ്യാപിക്കുന്നത്.

പ്രൗഢമാണ് സമാപന സമ്മേളനത്തിന്റെ വേദി. സാദാത്തുക്കളുടെ അനുഗ്രഹീത സാന്നിധ്യം. സാത്വിക പണ്ഡിത നിരയുടെ തലയെടുപ്പ്. ലോകമുസ്‌ലിം പരിച്ഛേദമായി 22 രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍. മുസ്‌ലിം മുന്നേറ്റത്തിന്റെ പുതുവിപ്ലവമാണിത്. രാജ്യാതിര്‍ത്ഥികള്‍ക്കപ്പുറത്ത് നിന്നെത്തിയവര്‍ ഈ സാംസ്‌കാരിക കേന്ദ്രത്തെ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയാണ്. നാല്‍പതാണ്ടിലെ വഴിയില്‍ മര്‍കസ് ആര്‍ജ്ജിച്ച സ്വാധീനത്തിന്റെ ആഴമാണ് ഇവിടെ വ്യക്തമാകുന്നത്.

വൈകുന്നേരം നാലിനാണ് സമാപന സമ്മേളനം ക്രമീകരിച്ചിരുന്നതെങ്കിലും ഉച്ചയോടെ തന്നെ നഗരിയാകെ നിറഞ്ഞു. ഇരിപ്പുറപ്പിക്കാന്‍ ഇടമില്ലാതെ പതിനായിരങ്ങള്‍ കീലോമീറ്ററുകളപ്പുറം നിന്നാണ് സമ്മേളനം ശ്രവിക്കുന്നത്. സംഘാടകര്‍ ഒരുക്കിയ ക്രമീകരണങ്ങള്‍പ്പുറത്തേക്ക് ജനസഞ്ചയം ഒഴുകിയെത്തുകയായിരുന്നു.
മര്‍കസിലേക്കൊഴുകുന്ന പുരുഷാരത്തിന്റെ ആരവങ്ങളിലേക്കാണ് ഇന്ന് പുലര്‍ന്നത് തന്നെ. നാടിന്റെ ലക്ഷ്യം മര്‍കസ് മാത്രമായി. കോഴിക്കോട് വയനാട് ദേശീയപാതയില്‍ കാരന്തൂര്‍ മുതല്‍ രാവിലെ തന്നെ ജനനിബിഡം. മര്‍കസ് ഒരിക്കല്‍ കൂടി ജയിച്ചടക്കുകയാണ്. കരുത്ത് കൊണ്ടുള്ള തിരുത്താണിത്. ബഹിഷ്‌കരണ ഭീഷണിക്കാര്‍ക്കുള്ള മുന്നറിയിപ്പും.

ജയാരവം മുഴക്കിയ വഴികളില്‍ താങ്ങായി നിന്നവരെ നന്ദിയോടെ സ്മരിക്കുകയാണ് ഈ സംഗമം. മര്‍കസിന്റെ ചാന്‍സിലറും മുസ്‌ലിം മുന്നേറ്റത്തിന്റെ ചാലകശക്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് ഈ ജനസാഗരം.

വൈകുന്നേരം അഞ്ച് മണിയോടെ സമാപന സമ്മേളനം തുടങ്ങി. ത്വലഅല്‍ ബദ്‌റുവിന്റെ ഈരടികള്‍ അലിഞ്ഞ അന്തരീക്ഷത്തില്‍ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ ആയിരുന്നു ഉദ്ഘാടകന്‍. മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ ഹൃദയം കൊണ്ട് പിന്തുണച്ച മസ്‌റൂഇ ജീവകാരുണ്യരംഗത്തെ ഇടപെടലുകള്‍ക്ക് തുടര്‍ സഹകരണവും വാഗ്ദാനം ചെയ്തു.

പ്രബോധനവഴിയിലേക്ക് ഇറങ്ങുന്ന 1261പേര്‍ക്കാണ് സമാപന സമ്മേളനത്തില്‍ ബിരുദം നല്‍കുന്നത്. 103 പേര്‍ക്ക് ബിരുദാനന്തര ബിരുദവും ഇന്ന് നല്‍കുന്നു. മുഖ്യവേദിക്ക് മുന്നില്‍ ക്രമീകരിച്ച സ്ഥലത്ത് ഇവര്‍ ഇരിപ്പുറപ്പിച്ച് കഴിഞ്ഞു. ടൂണീഷ്യയിലെ സൈത്തൂന യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ. ഹിശാം അബ്ദുല്‍ കരീം ഖരീസയാണ് സനദ്ദാനം നിര്‍വഹിക്കുന്നത്. 198 ഹാഫിളുകള്‍ക്കും 692 വിദ്യാര്‍ത്ഥിനികള്‍ക്ക് ഹാദിയ ബിരുദവും നേരത്തെ നല്‍കിയിരുന്നു.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. മര്‍കസ് പ്രസിഡന്റ് കൂടിയായ തങ്ങളെ സമ്മേളനം ആദരിച്ചു. മര്‍കസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി അതിഥികളെ സ്വാഗതം ചെയ്തു. ജോര്‍ദാനിലെ ശൈഖ് അബ്ദുല്ല മുഹമ്മദ് ശാക്കിര്‍ അബൂസന ഖിറാഅത്ത് നടത്തി.
മലേഷ്യയിലെ ഇസ്‌ലാമിക് ദഅ്‌വ ഫൗണ്ടേഷന്‍ മേധാവി ഡോ. യുസ്‌രി മുഹമ്മദ് മലേഷ്യ, ശൈഖ് മുസഫര്‍ സത്തിയൂഫ് (ഉസ്‌ബെക്കിസ്ഥാന്‍) ശൈഖ് അബ്ദുല്‍ അസീസ് സര്‍ബ (ഐവറി കോസ്റ്റ്), ശൈഖ് ശുഹൈബ് യാസീന്‍ മനാവിര്‍ അറവി (ഇറാഖ്), ദുബൈ സര്‍ക്കാര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖതീബ്, കുവൈത്ത് യുനസ്‌കോയിലെ ശൈഖ് ഇബ്രാഹിം ഹംസ അല്‍ ശുക്‌രി, ശൈഖ് അബ്ദുല്‍ ഫത്താഹ് മോറൊ എന്നിവരാണ് സമാപന സംഗമത്തില്‍ പ്രസംഗിക്കുന്ന വിദേശ പണ്ഡിതര്‍. മര്‍കസ് ടീം അവതരിപ്പിച്ച തീംസോംഗ് ഹൃദ്യമായി.

പ്രസ്ഥാനിക നേതൃത്വത്തിലെ പ്രമുഖരായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ചിത്താരി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഫാറൂഖ് നഈമി, കര്‍ണ്ണാടക ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ സി എം ഇബ്രാഹിം എന്നിവരും ജനലക്ഷങ്ങളോട് സംവദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച മുബശ്ശിര്‍ സഖാഫി വടക്കാങ്ങരക്ക് വേണ്ടി സമ്മേളന നഗരിയില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. ഇന്ന് സനദ് വാങ്ങേണ്ടിയിരുന്ന സഖാഫി കഴിഞ്ഞ ദിവസം നടന്ന ആത്മീയ സമ്മേളനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടത്തില്‍ മരിച്ചത്.

LIVE STREAMING: