Connect with us

Kerala

വിവരദോഷിയായ എംഎല്‍എയുടെ തെറ്റ് തിരുത്താന്‍ വിവേകമുള്ളവര്‍ കേണ്‍ഗ്രസിലില്ല : മുഖ്യമന്ത്രി

Published

|

Last Updated

**

തിരുവനന്തപുരം : എ.കെ.ജിയെ അപമാനിച്ച വി.ടി. ബല്‍റാം എംഎല്‍എയെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് ആ പാര്‍ട്ടിയുടെ ജീര്‍ണതയാണ് പുറത്ത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരദോഷിയായ എംഎല്‍എയുടെ തെറ്റ് തിരുത്താന്‍ വിവേകമുള്ളവര്‍ കോണ്‍ഗ്രസിലില്ലെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

എകെജിയെ അവഹേളിച്ച എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എകെജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണ്. എകെജി ഈ നാടിന്റെ വികാരമാണ്; ജന ഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരിക്കാണ്.

 

വിവരദോഷിയായ എംഎല്‍എയ്ക്ക് അതു പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തം. ഉയര്‍ന്നു വന്ന പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ, ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്‌റുവിനെയും സ്വാതന്ത്ര്യസമരത്തെയും മറന്ന നിര്‍ഗുണ ഖദര്‍ ധാരികള്‍ ഓര്‍ക്കുന്നത് നന്ന്. എകെജിയെയും സഖാവിന്റെ പത്‌നി, തൊഴിലാളി വര്‍ഗത്തിന്റെ പ്രിയനേതാവ് സഖാവ് സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം കോണ്‍ഗ്രസിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.