സൈനിക മേഖലയില്‍ പാക്- ചൈന ബന്ധം ദൃഢമാകുന്നു

Posted on: January 7, 2018 12:13 am | Last updated: January 7, 2018 at 12:13 am
SHARE

ബീജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാക് വിരുദ്ധ പ്രസ്താവനക്ക് പിന്നാലെ ചൈനയുമായുള്ള ചങ്ങാത്തം പാക്കിസ്ഥാന്‍ ശക്തമാക്കുന്നു. സാമ്പത്തിക- പ്രതിരോധ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളും. ജിബൂത്തിക്ക് ശേഷം, പാക്കിസ്ഥാനില്‍ രണ്ടാമത്തെ നാവിക കേന്ദ്രം സ്ഥാപിക്കാന്‍ ചൈന പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.

ഇറാനിലെ ഛാബഹര്‍ തുറമുഖത്തിന് സമീപം ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്വാദറിലെ ജിവാനിയിലാണ് നാവിക കേന്ദ്രം നിര്‍മാണത്തിനുള്ള ആലോചനകള്‍ നടക്കുന്നത്. മുംബൈ തീരത്തിന് എതിര്‍വശം നിര്‍മിക്കാനുദ്ദേശിക്കുന്ന നാവിക കേന്ദ്രം അറബിക്കടലില്‍ ചൈനീസ് നീക്കങ്ങള്‍ സുഗമമാക്കും.

ഗ്വാദറില്‍ നിലവില്‍ തുറമുഖമുണ്ടെങ്കിലും അത് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ളതാണ്. ഈ സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകള്‍ അടക്കം അടുപ്പിക്കാന്‍ പാകത്തിലുള്ള തുറമുഖത്തിനായി ചൈന നീക്കം ആരംഭിച്ചിട്ടുള്ളത്. ഇക്കാര്യം ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം ഇക്കാര്യത്തില്‍ ഒരു വട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കള്ളക്കടത്ത് തടയുന്നത് നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനമൊരുക്കുക മാത്രമാണ് ഉദ്ദേശമെന്നാണ് ചൈനയുടെ ഔദ്യോഗിക പ്രതികരണം.

വാണിജ്യ താത്പര്യം ലക്ഷ്യമിട്ട് ഇറാന്‍, അഫ്ഘാനിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നിര്‍മിച്ചതാണ് ഛാബഹര്‍ തുറമുഖം. ഇതിന് വളരെയടുത്ത് ജിവാനിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വ്യോമകേന്ദ്രം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും സമ്മര്‍ദ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്- ചൈന സൗഹൃദം പലപ്പോഴും മറനീക്കി പുറത്തുവന്നിട്ടുള്ളതാണെങ്കിലും പാക്കിസ്ഥാനെതിരായ ട്രംപിന്റെ പ്രസ്തവനയോടെ മറ്റൊരു തലത്തിലേക്ക് മാറുകയാണ്.

ശ്രീലങ്കയിലെ ഹാംബന്‍തോട്ടയിലും നാവിക കേന്ദ്രം സ്ഥാപിക്കാന്‍ 99 വര്‍ഷത്തെ പാട്ടത്തിന് ചൈന സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാനുള്ള മുഴുവന്‍ പ്രതിരോധ സഹായവും അമേരിക്ക നിര്‍ത്തലാക്കിയതാണ് പുതിയ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയത്. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് സൈനിക സഹായവും അമേരിക്ക പിന്‍വലിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here