കെ പി സി സി പ്രസിഡന്റായി ഹസന്‍ തുടരും

Posted on: January 7, 2018 12:08 am | Last updated: January 7, 2018 at 12:08 am
SHARE

ന്യൂഡല്‍ഹി: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് എം എം ഹസന്‍ തുടരും. എല്ലാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും തത്സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെയാണ് ഹസന് തുടര്‍ന്നും അധ്യക്ഷ സ്ഥാനം ഉറപ്പായത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, റീജ്യനല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍, ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍ പുതിയ തീരുമാനം വരുന്നതു വരെ അതാതു സ്ഥാനങ്ങളില്‍ തുടരുമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ചതായി എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ധന്‍ ദ്വിവേദി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംഘടനാ തിരഞ്ഞെടുപ്പ് വരെ എം എം ഹസന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് എ ഐ സി സി മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ പി സി സി അധ്യക്ഷന്‍മാര്‍ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷവും തുടരാന്‍ എ ഐ സി സി ആധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെയാണ് ഹസന് കാലാവധി നീട്ടി ലഭിച്ചത്. ഇതോടെ ജില്ലാ നേതൃത്വം മാറുന്നതും വൈകും. കെ പി സി സി പുന:സംഘടനയും ഇതോടൊപ്പം മരവിപ്പിച്ചു.