ജറൂസലമിനെ രക്ഷിക്കാന്‍ യു എന്നിനാകുമോ?

രണ്ട് കാര്യങ്ങള്‍ അമേരിക്ക മുന്നോട്ട് വെക്കുന്നു. ഒന്ന് കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ തിരിച്ച് കൊടുക്കേണ്ടതില്ല. രണ്ട്, ഫലസ്തീന്‍ രാഷ്ട്രം വെസ്റ്റ്ബാങ്കിന്റെ ചെറുഭാഗവും ഗാസാ മുനമ്പും ചേര്‍ത്ത് വേണമെങ്കില്‍ നിര്‍മിക്കാം. ജൂത കുടിയേറ്റ ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ച് പിടിച്ചടക്കിയ പ്രദേശത്ത് നിന്നോ യുദ്ധത്തില്‍ വെട്ടിപ്പിടിച്ച പ്രദേശത്ത് നിന്നോ ഇസ്‌റാഈല്‍ പിന്‍മാറേണ്ടതില്ല. അപകടകരമാണ് ഈ സന്ദേശങ്ങള്‍. എംബസി മാറ്റത്തിനെതിരെ യു എന്നില്‍ പ്രമേയം പാസ്സായി എന്നത് ഈ പ്രഖ്യാപനത്തിന്റെ ഭീകരത ഒട്ടും കുറയ്ക്കുന്നില്ല.    
Posted on: January 7, 2018 6:56 am | Last updated: January 6, 2018 at 11:59 pm
SHARE

ജൂത ലോബി അമേരിക്കന്‍ ഭരണ, സാമ്പത്തിക വ്യവസ്ഥയില്‍ എത്രമാത്രം ആഴത്തില്‍ പിടിമുറുക്കിയിരിക്കുന്നുവെന്നതിന് ഏറ്റവും ഒടുവിലത്തെ തീരുമാനമാണ് ഇസ്‌റാഈലിലെ യു എസ് എംബസി മാറ്റം. യു എന്നില്‍ ഇതുസംബന്ധിച്ച പ്രമേയത്തിന്‍മേല്‍ നടന്ന വോട്ടെടുപ്പിന്റെ പാറ്റേണ്‍ നോക്കിയാല്‍ ലോകം ഈ തീരുമാനത്തെ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാകും. യു എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലമി (അല്‍ ഖുദ്‌സ്)ലേക്ക് മാറ്റാന്‍ പ്രസിഡന്റ് ട്രംപ് എടുത്ത തീരുമാനം റദ്ദാക്കണമെന്നാണ് യു എന്‍ പൊതുസഭയില്‍ വന്ന പ്രമേയത്തിന്റെ ആകെത്തുക. പ്രമേയം വോട്ടിനിടുന്നതിന് തൊട്ടു മുമ്പ് ചരിത്രത്തിലെ ഏറ്റവും വൃത്തി കെട്ട കളിയാണ് അമേരിക്ക കളിച്ചത്. പ്രമേയത്തെ അനുകൂലിച്ചാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ഓരോരുത്തരെയും ശ്രദ്ധിക്കുന്നുണ്ടെന്നും യു എന്നിലെ യു എസ് പ്രതിനിധി നിക്കി ഹാലി ഭീഷണി മുഴക്കി. സ്‌കൂള്‍ കുട്ടികള്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞ് കൊടുക്കുമെന്ന് സഹപാഠിയെ പേടിപ്പിക്കുന്നത് പോലെയായിരുന്നു അത്. ഒന്നും വിലപ്പോയില്ല. 172 അംഗ സമിതിയില്‍ 128 പേരും പ്രമേയത്തെ അനുകൂലിച്ചു. 35 പേര്‍ വിട്ടു നിന്നു. ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ട്രംപിസത്തിന് കീഴടങ്ങിയത്. യു എന്‍ പ്രമേയത്തോടുള്ള കലിപ്പ് തീര്‍ക്കാന്‍ യു എന്‍ ഏജന്‍സികള്‍ക്ക് നല്‍കുന്ന സഹായം ഒന്നൊന്നായി നിര്‍ത്തുകയാണ് ട്രംപ് ഭരണകൂടം. യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയെ ഞെക്കിക്കൊല്ലാന്‍ പോകുകയാണ്. ഇസ്‌റാഈല്‍ അധിനിവിഷ്ട പ്രദേശങ്ങളിലെ ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് അഭയാര്‍ഥി പദവിയെങ്കിലും നേടിക്കൊടുക്കുന്നത് ഈ ഏജന്‍സിയാണ്.

ഒരു രാജ്യത്തിന്റെ എംബസി ഒരിടത്ത് നിന്ന് മാറുന്നതില്‍ എന്താണിത്ര വേവലാതി? അത് സംബന്ധിച്ച പ്രഖ്യാപനത്തിന് എങ്ങനെയാണ് ഇത്ര വാര്‍ത്താ പ്രാധാന്യം കൈവരുന്നത്? രണ്ട് കാര്യങ്ങള്‍ അമേരിക്ക മുന്നോട്ട് വെക്കുന്നു. ഒന്ന് കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ തിരിച്ച് കൊടുക്കേണ്ടതില്ല. രണ്ട്, ഫലസ്തീന്‍ രാഷ്ട്രം വെസ്റ്റ്ബാങ്കിന്റെ ചെറുഭാഗവും ഗാസാ മുനമ്പും ചേര്‍ത്ത് വേണമെങ്കില്‍ നിര്‍മിക്കാം. ജൂത കുടിയേറ്റ ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ച് പിടിച്ചടക്കിയ പ്രദേശത്ത് നിന്നോ യുദ്ധത്തില്‍ വെട്ടിപ്പിടിച്ച പ്രദേശത്ത് നിന്നോ ഇസ്‌റാഈല്‍ പിന്‍മാറേണ്ടതില്ല. അപകടകരമാണ് ഈ സന്ദേശങ്ങള്‍. എംബസി മാറ്റത്തിനെതിരെ യു എന്നില്‍ പ്രമേയം പാസ്സായി എന്നത് ഈ പ്രഖ്യാപനത്തിന്റെ ഭീകരത ഒട്ടും കുറയ്ക്കുന്നില്ല. യു എസ് നടപടി ലോക വേദിയില്‍ തുറന്ന് കാണിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ യു എന്‍ പ്രമേയം ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഇസ്‌റാഈല്‍ തലസ്ഥാനം തന്നെ ജറൂസലമിലേക്ക് മാറ്റാനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.

ഫലസ്തീന്‍ രാഷ്ട്ര സ്വപ്‌നങ്ങളെ എന്നേക്കും കുഴിച്ചു മൂടിയ 1967ലെ ആറ് ദിന യുദ്ധത്തിന്റെ അര്‍ധ ശതാബ്ദിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്ന് പോകുന്നത്. പൊടുന്നനെ ഉണ്ടായ ഒന്നായിരുന്നില്ല ആ യുദ്ധം. 1956ലെ യുദ്ധത്തില്‍ ഗാസാ മുനമ്പും സിനായും ഇസ്‌റാഈല്‍ പിടിച്ചടക്കിയിരുന്നു. രക്ഷാ സമിതി പ്രമേയം 242ന്റെയും 338 ന്റെയും ബലത്തില്‍ യു എന്‍ സേനയെ വിന്യസിച്ചതോടെ 1957ല്‍ സിനായിക്ക് മേലുള്ള അധികാരം ഇസ്‌റാഈല്‍ ഉപേക്ഷിച്ചു. 1960കളില്‍ അറബ് ദേശീയത അതിന്റെ ഏറ്റവും വിപ്ലവകരമായ നിലയിലേക്ക് വളര്‍ന്നു. ഫലസ്തീന്‍ വിമോചനത്തിനായി സംസാരിച്ച ഈജിപ്ഷ്യന്‍ നേതാവ് അബ്ദുല്‍ നാസറിന് വലിയ പിന്തുണ ലഭിച്ച ഘട്ടമായിരുന്നു അത്. ഫലസ്തീന്‍ പോരാട്ട ഗ്രൂപ്പുകള്‍ക്ക് സിറിയയില്‍ നിന്നും ജോര്‍ദാനില്‍ നിന്നും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. വിയറ്റ്‌നാം യുദ്ധത്തിലായിരുന്ന അമേരിക്ക ഇസ്‌റാഈലിന്റെ അധിനിവേശ നടപടികളെ പ്രത്യക്ഷത്തില്‍ സഹായിക്കുന്നതില്‍ നിന്ന് അല്‍പ്പം വിട്ടു നിന്ന ഘട്ടവുമായിരുന്നു അത്. സോവിയറ്റ് യൂനിയന്റെ സഹായം തനിക്കുണ്ടാകുമെന്ന് നാസര്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്തു. ഇസ്‌റാഈല്‍ ആകട്ടേ നേരിട്ടുള്ള ആക്രമണത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയുമായിരുന്നു. 1967 മെയില്‍ നാസര്‍ ശക്തമായ ചില ഉത്തരവുകള്‍ ഇറക്കി. സിനായിയില്‍ നിന്ന് യു എന്‍ സേന പിന്‍വാങ്ങണമെന്നായിരുന്നു ഒരു ഉത്തരവ്. ഇസ്‌റാഈല്‍ കപ്പലുകളെ അദ്ദേഹം തടയുകയും ചെയ്തു. ഇതോടെ ജൂണില്‍ ജൂതരാഷ്ട്രം ബോംബാക്രമണം തുടങ്ങി. നാസറിന്റെയും ജോര്‍ദാന്റെയും സൈന്യം ഛിന്നഭിന്നമായി. തികച്ചും അപ്രതീക്ഷിതമായ പരിണതി ആയിരുന്നു അത്. വെറും 132 മണിക്കൂറിനുള്ളില്‍ സിറിയയില്‍ നിന്ന് ജൂലാന്‍ കുന്നുകളും ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ഈജിപ്തില്‍ നിന്ന് ഗാസയും സിനായിയും ജൂതരാഷ്ട്രം പിടിച്ചടക്കി.

നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജറുസലമടക്കം പ്രദേശങ്ങളില്‍ അന്ന് ഇസ്‌റായേല്‍ നടത്തിയ അധിനിവേശത്തെ എല്ലാ അന്താരാഷ്ട്ര സമിതികളും കഴിഞ്ഞ അമ്പത് വര്‍ഷമായി തള്ളിപ്പറയുകയാണ്. ഒരു കാര്യവുമില്ല. ജൂതരാഷ്ട്രത്തെ നിലക്ക് നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബരാക് ഒബാമയുടെ ഒന്നാമൂഴത്തില്‍ അദ്ദേഹം നടത്തിയ അറബ് യാത്രക്കിടെ 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് പറഞ്ഞതിനെ ജൂത ലോബി കൈകാര്യം ചെയ്തത് മാത്രം നോക്കിയാല്‍ മതി ലോകത്തിന്റെ നിസ്സംഗത വ്യക്തമാകാന്‍. ഒബാമ 1967 എന്ന് ഉച്ചരിച്ചത് മഹാപാതകമായാണ് അവതരിപ്പിക്കപ്പെട്ടത്. അമേരിക്ക ചരിത്രപരമായി ജൂതരാഷ്ട്രത്തിന് നല്‍കി വരുന്ന പിന്തുണയില്‍ നിന്ന് ഒബാമ പിന്നോട്ട് പോയെന്ന് പ്രചാരണമുണ്ടായി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ കോലാഹലത്തിന് അത് വഴി വെച്ചു. ഒബാമക്ക് ആ പ്രസ്താവന ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഒബാമയും ട്രംപും തമ്മിലുള്ള വ്യത്യാസം കൂടി ഇവിടെ പ്രകടമാകുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ജൂത ലോബിയില്‍ നിന്ന് പൂര്‍ണമായി മോചനം നേടാന്‍ ഒബാമക്ക് സാധിച്ചില്ലെങ്കിലും ചില ചെറുചലനങ്ങള്‍ക്ക് അദ്ദേഹം ശ്രമിച്ചിരുന്നു. ട്രംപ് എന്ന തീവ്രവലതുപക്ഷക്കാരന്‍ വരുമ്പോള്‍ സമ്പൂര്‍ണമായ ഇരുട്ട് പരക്കുകയാണ്.

ജൂതരാഷ്ട്രത്തിന്റെ അധിനിവേശ നീക്കങ്ങളും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയും ഫലസ്തീന്‍ പ്രശ്‌നം മാത്രമായി ചുരുക്കി കാണാനാകില്ല. മധ്യ പൗരസ്ത്യ ദേശത്തിന്റെയും അറബ് ലോകത്തിന്റെയും പൊതുവായ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയമായി തന്നെ ഇത് വിശകലനം ചെയ്യേണ്ടതുണ്ട്. കാരണം, ഇസ്‌റാഈലിന്റെ അതിര്‍ത്തി വ്യാപന സ്വപ്‌നങ്ങളില്‍ ഫലസ്തിനും ലബനാനും മാത്രമല്ല ഉള്ളത്. അത് ഈജിപ്തും ജോര്‍ദാനും ഇറാനും ഇറാഖും സിറിയയും അറബ് മേഖലയൊന്നാകെയും ഉള്‍പ്പെടുന്ന ഒന്നാണ്. രാഷ്ട്രമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാഷ്ട്രമെന്ന നുണ ആവര്‍ത്തിച്ച് ടെല്‍ അവീവ് തലസ്ഥാനമായി ഇസ്‌റാഈല്‍ രാഷ്ട്രം അടിച്ചേല്‍പ്പിക്കാന്‍ സാധിച്ചുവെങ്കില്‍ കൃത്യമായ പ്രതിരോധത്തിന്റെ അഭാവത്തില്‍ ജൂതരാഷ്ട്രീയത്തിന് എങ്ങോട്ടു വേണമെങ്കിലും അതിക്രമിച്ച് കയറാമെന്ന് തന്നെ വിലയിരുത്തേണ്ടി വരും. മൂന്ന് കാര്യങ്ങളായിരുന്നവല്ലോ തിയോഡര്‍ ഹെര്‍സല്‍ തന്റെ ജ്യൂയിഷ് സ്റ്റേറ്റിലും 1897ലെ ബേസില്‍ സയണസ്റ്റ് കോണ്‍ഗ്രസിലും അവതരിപ്പിച്ചത്. ഒന്ന്, ജൂതന്‍മാര്‍ എവിടെയായിരുന്നാലും ഒരേയൊരു ജനതയാണ്. രണ്ട്, ജൂതന്‍മാര്‍ എല്ലായിടത്തും പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മൂന്ന്, അവര്‍ ജീവിക്കുന്ന ഒരു പ്രദേശത്തിനും അവരെ പൂര്‍ണമായി സ്വാംശീകരിക്കാന്‍ സാധിച്ചിട്ടില്ല. നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ഇസ്‌റാഈല്‍ രാഷ്ട്രം പടച്ചു കഴിഞ്ഞിട്ടും ആ രാഷ്ട്രം ലോകത്തെ ഏറ്റവും ശക്തമായ ഒന്നായി മാറിക്കഴിഞ്ഞിട്ടും അതിന് വന്‍ ശക്തികളെയെല്ലാം വരുതിയിലാക്കാനുള്ള ബന്ധുബലവും കൗശലവും കൈവന്നിട്ടും ഈ പരിവേദനങ്ങള്‍ സയണിസം അവസാനിപ്പിച്ചിട്ടില്ല.

ഇസ്‌റാഈലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്റെ വാക്കുകളില്‍ നിന്ന് ഈ അതിര്‍ത്തി വ്യാപന ലക്ഷ്യം വ്യക്തമാകും. 1936 ഒക്‌ടോബര്‍ 13ന് നടന്ന സയണിസ്റ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു: ‘ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല. അത് ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ പരിസര ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. 1938ല്‍ അദ്ദേഹം കുറച്ച് കൂടി വ്യക്തമായി ഇക്കാര്യം പറഞ്ഞു: ‘സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്ന അതിരുകള്‍ തെക്കന്‍ ലബനാനും തെക്കന്‍ സിറിയയും ഇപ്പോഴത്തെ ജോര്‍ദാനും പടിഞ്ഞാറന്‍ തീരം മുഴുവനായും സിനായും ഉള്‍പ്പെടുന്നതാണ്’.

ബെന്‍ഗൂറിയന്‍ സിദ്ധാന്തത്തിന്റെ നടത്തിപ്പിലാണ് ഇന്നുവരെയുള്ള എല്ലാ ഇസ്‌റാഈല്‍ ഭരണാധികാരികളും ഏര്‍പ്പെട്ടത്. അത്‌കൊണ്ടാണ് ഇസ്‌റാഈല്‍ പൗര സമൂഹത്തിലെ ചില ഗ്രൂപ്പുകള്‍ നിരന്തരം എതിര്‍ത്തിട്ടും ഇന്നും കൂട്ടക്കുരുതിയും ഭൂമി കൊള്ളയും ഉപരോധവും തുടരുന്നത്. ഈ അതിക്രമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുകയും അവിടെ ഇസ്‌റാഈലിന്റെ സമ്പൂര്‍ണ അധികാരം സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോള്‍ മുസ്‌ലിം ലോകത്തെ മതപരമായി കൂടി ആക്രമിക്കുകയാണെന്ന് മനസ്സിലാക്കണം. മസ്ജിദുല്‍ അഖ്‌സ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദുല്‍ അഖ്‌സ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ്. ജറൂസലമിലെ പഴയനഗരത്തിലാണ് ഹറമുശ്ശരീഫ്. ഹറമുശ്ശരീഫിന്റെ കോമ്പൗണ്ടില്‍ മസ്ദുല്‍ അഖ്‌സയും ഖുബ്ബത്തില്‍ സ്വഹ്‌റയും ഉണ്ട്. ജൂതന്‍മാര്‍ക്ക് ഇവിടെ വിശുദ്ധമാകുന്നത് മിത്തുകളുടെ പുറത്താണ്. അവിടെ ഉണ്ടായിരുന്നുവെന്ന് പറയുന്ന സിനഗോഗിന്റെ തെളിവിനായി അവര്‍ ഖനനം നടത്തിക്കൊണ്ടിരിക്കുകയാണ്. അത് കണ്ടെത്തിയാലും ഇല്ലെങ്കിലും അഖ്‌സയില്‍ നിന്ന് മുസ്‌ലിംകളെ ആട്ടിയോടിക്കുകയെന്ന രാഷ്ട്രീയ അജന്‍ഡ അവര്‍ നടപ്പാക്കി കൊണ്ടിരിക്കും. മുസ്‌ലിംകള്‍ക്ക് തെളിവിനായി ഭൂമി കുഴിക്കേണ്ട ഗതികേടില്ല. അവിരാമമായ ആദരവിന്റെ നൂറ്റാണ്ടുകളിലൂടെയാണ് ആ വിശ്വാസം കടന്ന് വരുന്നത്. അത് അനസ്യൂതം തുടരുക തന്നെ ചെയ്യും. വിശുദ്ധ വചനങ്ങള്‍ കൊണ്ട് ബലപ്പെട്ടതാണ് അത്.

ഫലസ്തീനെ പകുത്ത്, അറബികള്‍ക്ക് നടുവില്‍ ജൂതരാഷ്ട്രം നട്ടപ്പോള്‍ ബുദ്ധിയുള്ള മുഴുവന്‍ പേരും ഉന്നയിച്ച ആശങ്ക ഈ വിശുദ്ധ സ്ഥലത്തെക്കുറിച്ചായിരുന്നു. അത്‌കൊണ്ടാണ് ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ പോലും ബ്രിട്ടീഷ് മേലാളന്‍മാര്‍ വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തില്‍ സ്റ്റാറ്റസ്‌കോ പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. 1948ല്‍ ഇസ്‌റാഈല്‍ പിറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യു എന്‍ ഇറക്കിയ 194ാം നമ്പര്‍ പ്രമേയത്തിലും ഇക്കാര്യം ഊന്നിപ്പറയുന്നു: ‘വിശുദ്ധ പ്രദേശങ്ങളും കെട്ടിടങ്ങളും അതേപടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവിടേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശിക്കാനും ആരാധനാ കര്‍മങ്ങള്‍ നടത്താനും എല്ലാ സൗകര്യവും ഒരുക്കണം. നിലവിലുള്ളതും ചരിത്രപരമായി തുടര്‍ന്നു വരുന്നതുമായ ചട്ടങ്ങളിലും വിധിവിലക്കുകളിലും ഒരു മാറ്റവും പാടില്ല’.

എന്നാല്‍ ഇതൊന്നും ഇസ്‌റാഈലിന് പ്രശ്‌നമല്ല. ദേര്‍ യാസീന്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയിരുന്ന എല്‍ദാദ് 1967ല്‍ പറഞ്ഞു: ‘വീണ്ടെടുപ്പിനെ പ്രതീകവത്കരിക്കുന്ന ഏറ്റവും ആഴത്തിലുള്ളതും മഹത്തുമായ പ്രത്യാശ ജൂതരുടെ ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ദിവസം, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ രണ്ട് മുസ്‌ലിം പള്ളികളും (അല്‍ ഹറമുശ്ശരീഫും അല്‍ അഖ്‌സയും) അപ്രത്യക്ഷമാകുമെന്ന് ഉറപ്പാണ്’ ഈ ആഹ്വാനം നടപ്പില്‍ വരുത്താനായി നിരവധി തവണ ജൂത തീവ്രവാദികള്‍ അല്‍ അഖ്‌സ കോംപൗണ്ടില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 1929ല്‍ അല്‍ ബുറാഖ് ഗേറ്റിലൂടെ അഖ്‌സ സമുച്ചയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ജൂതന്‍മാരെ ഫലസ്തീനികള്‍ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. നിരവധി പേര്‍ മരിച്ചു വീണു. ഈ സംഭവമാണ് പിന്നീട് അല്‍ ബുറാഖ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. അന്ന് 2017ല്‍ വരെ അഖ്‌സക്ക് ചുറ്റും സംഘര്‍ഷങ്ങള്‍ അരങ്ങേറി. അത്‌കൊണ്ട് ജറൂസലമിലേക്കുള്ള തലസ്ഥാന മാറ്റ ശ്രമം മസ്ജിദുല്‍ അഖ്‌സ കൂടി ലക്ഷ്യമിട്ടാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍, മൂന്ന് തലത്തില്‍ എംബസി മാറ്റ പ്രഖ്യാപനത്തെ കാണണം. ഒന്ന് ഫലസ്തീന്‍ രാഷ്ട്രത്തിനെതിരായ പൂഴിക്കടകന്‍ എന്ന നിലക്ക്. രണ്ട്, ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ വ്യാപനം എന്ന നിലക്ക്. മസ്ജിദുല്‍ അഖ്‌സയടക്കമുള്ള പുണ്യ ശേഷിപ്പുകള്‍ക്കെതിരായ ആക്രമണം എന്ന നിലക്ക്. ജറൂസലമില്‍ ട്രംപിന്റെ നാമധേയത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പണിയാന്‍ പോകുകയാണത്രേ. ആത്മാനുരാഗിയായ ഈ മനുഷ്യന് മുന്നില്‍ അമേരിക്ക മരിക്കുമ്പോള്‍ സ്മാരകം ആ രാജ്യത്തിന്റെ പേരിലാകുകയായിരുന്നു നല്ലത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here