നാല്‍പ്പതിന്റെ നിറവില്‍ മര്‍കസ്

  സുന്നികളുടെ അഭിമാന മുന്നേറ്റമാണ് ആരംഭിക്കുന്നതെന്ന് മനസ്സിലാക്കിയ ചില രാഷ്ട്രീയ തത്പരര്‍ മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ അന്നേ ശ്രമിച്ചിരുന്നു. പക്ഷേ, ഇസ്‌ലാമിക പാരമ്പര്യത്തിന്റെയും പണ്ഡിതന്മാരുടെ നിലപാടുകളുടെയും അടിത്തറയില്‍ രൂപവത്കരിക്കപ്പെട്ടത് കൊണ്ട് തന്നെ എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ച് കൊണ്ട് ശാന്തമായി മര്‍കസ് മുന്നോട്ട് പോയി. തടസ്സങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞുപോയി.
Posted on: January 7, 2018 7:51 am | Last updated: January 6, 2018 at 11:55 pm

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ നാല്‍പ്പതിന്റെ തികവിലെത്തി നില്‍ക്കുകയാണ്. രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുള്ള, ലോകമാകെ വ്യാപിച്ച പൂര്‍വ വിദ്യാര്‍ഥികളുള്ള സ്ഥാപനമാണ് ഇന്ന് മര്‍കസ്.

1978ല്‍ മര്‍കസിന്റെ തുടക്കം തന്നെ അതിശയകരമായിരുന്നു. അക്കാലത്തെ ലോക പ്രശസ്ത പണ്ഡിതനായിരുന്ന സയ്യിദ് മുഹമ്മദ് അലവി മാലികി മക്കയാണ് മര്‍കസിന് ശിലപാകുന്നത്. ആധ്യാത്മിക നേതാക്കളുടെ അനുഗ്രഹം ആരംഭം മുതലേ മര്‍കസിനുണ്ടായിരുന്നു. മര്‍കസിന് സ്ഥലം കിട്ടാതെ വന്നപ്പോള്‍ അനുഗ്രഹമായത് സി എം വലിയുല്ലാഹിയുടെ നിര്‍ദേശമായിരുന്നു.

സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെട്ടവരുടെ മുന്നേറ്റമായിരുന്നു മര്‍കസിന്റെ മുഖ്യമായ ലക്ഷ്യം. അത് കൊണ്ട് തന്നെ യതീംഖാനയായിരുന്നു പ്രഥമ സ്ഥാപനം. ഇരുപത്തിയഞ്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രാരംഭം കുറിക്കുകയായിരുന്നു മര്‍കസ്.

സുന്നികളുടെ അഭിമാന മുന്നേറ്റമാണ് ആരംഭിക്കുന്നതെന്ന് മനസ്സിലാക്കിയ ചില രാഷ്ട്രീയ തത്പരര്‍ മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ അന്നേ ശ്രമിച്ചിരുന്നു. പക്ഷേ, ഇസ്‌ലാമിക പാരമ്പര്യത്തിന്റെയും പണ്ഡിതന്മാരുടെ നിലപാടുകളുടെയും അടിത്തറയില്‍ രൂപവത്കരിക്കപ്പെട്ടത് കൊണ്ട് തന്നെ എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ച് കൊണ്ട് ശാന്തമായി മര്‍കസ് മുന്നോട്ട് പോയി. തടസ്സങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞുപോയി.
ഓരോ കാലത്തെയും മര്‍കസ് അഭിസംബോധന ചെയ്തത് വിദ്യാഭ്യാസത്തിലൂടെ സക്രിയമായ സമൂഹങ്ങളെ രൂപപ്പെടുത്തിക്കൊണ്ടായിരുന്നു. യതീംഖാനക്ക് പുറമെ മര്‍കസിന്റെ ഓരോ സ്ഥാപനങ്ങളും പതിയെ പതിയെ ഉയര്‍ന്നുവന്നു. ഈ സ്ഥാപനങ്ങള്‍ വ്യത്യസ്തമായ ഒരു സംസ്‌കാരം രൂപപ്പെടുത്തി. 1986ലാണ് മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് ആരംഭിക്കുന്നത്. കേരളത്തില്‍ വ്യവസ്ഥാപിതമായി ആരംഭിച്ച ആദ്യത്തെ ഖുര്‍ആന്‍ മനഃപാഠ കേന്ദ്രമായിരുന്നു അത്. പതിയെ മര്‍കസ് ഹിഫഌ കോളജിന്റെ മാതൃകയില്‍ പല സ്ഥാപനങ്ങളും വന്നു. കേവല വിദ്യാഭ്യാസമായിരുന്നില്ല മര്‍കസ് നല്‍കിയത്. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെകുറിച്ച് ഓരോ വിദ്യാര്‍ഥിയെയും ബോധവത്കരിച്ചു. അറിവിലൂടെ ധാര്‍മികമായും വിദ്യാര്‍ഥികള്‍ കരുത്ത് നേടണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ ഓരോ സ്ഥാപനങ്ങള്‍ നിരനിരയായി വന്നപ്പോഴും സമാനസ്വഭാവമുള്ള മറ്റു കലാലയങ്ങളില്‍ നിന്ന് മര്‍കസ് പലപ്പോഴും വേറിട്ടു നിന്നു.
സംസ്‌കാരമുള്ള പണ്ഡിതന്‍മാരെ സൃഷ്ടിക്കുക പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായിരുന്നു. സഖാഫ(സംസ്‌കാരം)എന്ന പദം മര്‍കസിന്റെ നാമത്തില്‍ തന്നെയുണ്ട്. സഖാഫികളിന്ന് വ്യവഹരിക്കാത്ത അറിവിന്റെ ലോകങ്ങളില്ല. മതവിദ്യാഭ്യാസത്തില്‍ ആഴമുള്ള അവബോധം ഉണ്ടാക്കുമ്പോള്‍ തന്നെ അക്കാദമികമായും സമാന്തരമായി മുന്നേറാന്‍ മര്‍കസ് അവര്‍ക്ക് അവസരം നല്‍കി. ഏറെ സന്തോഷമുള്ള ഒരു കാര്യം ഈ സമ്മേളനത്തോടെ സഖാഫി ബിരുദം നേടുന്ന പത്തിലധികം സഖാഫികള്‍ മര്‍കസ് ലോ കോളജില്‍ നിന്ന് നിയമ പഠനത്തില്‍ കൂടി ബിരുദം നേടാനിരിക്കുകയാണ്. പതിനായിരത്തിലധികം സഖാഫിമാര്‍ മര്‍കസിലൂടെ പഠിച്ചിറങ്ങിയെന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്.

വിദ്യാഭ്യാസത്തോടൊപ്പം തന്നെ ജീവകാരുണ്യരംഗത്ത് മര്‍കസുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. പാവങ്ങളെ സഹായിക്കുന്നതില്‍ എപ്പോഴും മര്‍കസ് മുന്നിട്ട് നിന്നു. ഒന്നരക്കോടി ആളുകള്‍ക്ക് ജീവകാരുണ്യരംഗത്തെ മര്‍കസിന്റെ വിവിധ സംരംഭങ്ങളുടെ പ്രയോജനം ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്.

ഇന്ത്യയിലാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്നത് എളുപ്പമുള്ള കര്‍മമായിരുന്നില്ല. വൈജ്ഞാനികമായി ഒരവബോധവുമില്ലാത്ത ആളുകള്‍ താമസിക്കുന്ന പലയിടങ്ങളും അറിവിന്റെ കര്‍മ മണ്ഡലങ്ങളാക്കി മാറ്റുകയായിരുന്നു മര്‍കസ്. വിദ്യാഭ്യാസം മാത്രമല്ല, അവര്‍ക്ക് നല്‍കിയത്. വിദ്യാഭ്യാസത്തെ പറ്റി ഒരു ജനതക്ക് ബോധമുണ്ടാകണമെങ്കില്‍ ആദ്യം അവരുടെ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ടായിരുന്നു. അത് കൊണ്ട് പലയിടങ്ങളിലും ആദ്യം അവര്‍ക്ക് ഭക്ഷണവും വസ്ത്രവും കുടിവെള്ള സൗകര്യവുമെല്ലാം മര്‍കസ് നിര്‍മിച്ച് കൊടുത്തു. സാവധാനം അവരെല്ലാം വൈജ്ഞാനിക ബോധമുള്ളവരായി. മര്‍കസില്‍ തന്നെ പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പല സംസ്ഥാനങ്ങളിലും മര്‍കസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം ദേശവും മണ്ണും വിട്ട് അവര്‍ ഇതര നാട്ടിലേക്ക് പോകുന്നത് സാമ്പത്തികമായ താത്പര്യം കൊണ്ടല്ല, മറിച്ച് ഇല്ലായ്മകളുടെ നടുവില്‍ വിങ്ങിവിങ്ങിക്കഴിയുന്ന ആയിരങ്ങള്‍ക്ക് അറിവിന്റെ വെട്ടമെത്തിച്ച് മര്‍കസിന്റെ തണലില്‍ ജീവിതം മഹത്തരമാക്കാനാണ്.
നോളജ് സിറ്റി മര്‍കസിന്റെ വളര്‍ച്ചയുടെ തികവിനെ അടയാളപ്പെടുത്തുന്നു. ലോ കോളജും യൂനാനി മെഡിക്കല്‍ കോളജും ഉയര്‍ന്നുവരുന്ന ക്വൂന്‍സ് ലാന്‍ഡും കള്‍ച്ചറല്‍ സെന്ററും ഇന്റര്‍ നാഷനല്‍ സ്‌കൂളുമെല്ലാം രൂപപ്പെടുത്തുന്നത് ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമുള്ള അറിവും അനുഭവങ്ങളുമുള്ള ജനതയെയാണ്. ലോകത്തോളം വളര്‍ന്ന തലമുറകളെയാണ്. മര്‍കസ് നാല്പത് വര്‍ഷത്തെ അഭിമാനകരമായ ഈ ജൈത്രയാത്രയുടെ സവിശേഷമായ ഒരു തലത്തിലെത്തിനില്‍ക്കുമ്പോള്‍ ഞങ്ങളോര്‍ക്കുന്നുണ്ട്, പ്രാര്‍ഥിക്കുന്നുണ്ട്, സ്വന്തം വീടിനേക്കാള്‍ പ്രിയത്തോടെ മര്‍കസിനെ സ്‌നേഹിച്ച ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളെ. ഈ സ്‌നേഹവും സഹായങ്ങളും എല്ലാം നാഥനില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചായിരുന്നു. മര്‍കസിനെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടമാക്കി ചേര്‍ത്തു നിറുത്തിയ എത്രയെത്ര പ്രിയപ്പെട്ടവരാണ് ലോകത്തോട് വിടപറഞ്ഞത്. അഭിവന്ദ്യരായ അവേലത്ത് തങ്ങള്‍ മുതല്‍ ഒരു വര്‍ഷം മുമ്പ് മര്‍കസ് റൂബി ജൂബിലി സ്വാഗതസംഘം രൂപവത്കരിച്ച വേദിയില്‍ നിന്ന് പോയി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയ വൈലത്തൂര്‍ തങ്ങള്‍ വരെയുള്ള നൂറുകണക്കിന് പണ്ഡിതന്‍മാരും സയ്യിദന്‍മാരും സാധാരണക്കാരും എത്രമാത്രം പ്രിയത്തോടെയാണ് മര്‍കസിനെ ജീവിതത്തിന്റെ ഭാഗമാക്കിയത്. അവര്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കണം ഇന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍. നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണ് മര്‍കസ് റൂബി ജൂബിലി സമാപന സമ്മേളനത്തിലേക്ക്.