Connect with us

Ongoing News

ശൈഖ് സാഇദിന്റെ ഓര്‍മകള്‍ക്ക് ആദരം

Published

|

Last Updated

മര്‍കസ്‌നഗര്‍: ശൈഖ് സാഇദിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ മര്‍കസ് ഒരിക്കല്‍ കൂടി ആദരവ് സമര്‍പ്പിച്ചു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന ശൈഖ് സാഇദ് അന്താരാഷ്ട്ര സമാധാന സമ്മേളനം ലോകപണ്ഡിത നേതൃത്വത്തിന്റെ പരിച്ഛേദമായി മാറി. ധൈഷണികവും ത്യാഗനിര്‍ഭരവുമായ നയതന്ത്രങ്ങളിലൂടെ ഒരു രാജ്യത്തെ ലോകോത്തരമാക്കുന്നതില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ വിശ്വപ്രസിദ്ധ ഭരണാധികാരിയായിരുന്നു ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെന്ന് സമ്മേളനം അനുസ്മരിച്ചു. യു എ ഇ ഇന്ന് കൈവരിച്ച എല്ലാ നേട്ടങ്ങളും ശൈഖ് സായിദ് എന്ന വ്യക്തിത്വത്തിന്റെ ഭരണ വിജയമാണെന്ന് സംഗമം വിലയിരുത്തി.
സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ ഘട്ടങ്ങളില്‍ സായുധ ഇടപെടലുകള്‍ക്ക് പകരം സമാധാനത്തിന്റെ സ്‌നേഹമായി ജ്വലിച്ചുനിന്നു. ആഗോളതലത്തില്‍ സമാധാനാന്തരീക്ഷം സാധ്യമാക്കുന്നതിന് നിരന്തര യത്‌നം നടത്തിയ മഹാപ്രതിഭക്ക് മുന്നില്‍ പ്രാര്‍ഥന കൊണ്ട് നന്ദി അറിയിച്ചു.

ശൈഖ് സായിദിന്റെ സമാധാന ശ്രമങ്ങളെ ആഗോള സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു പീസ് കോണ്‍ഫറന്‍സ്. ഇന്‍ഡോ അറബ് പാരസ്പര്യത്തിന്റെ വിശിഷ്ട മാതൃകകളുടെ പുനരാവിഷ്‌കരണമായി സമ്മേളനം മാറി. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രാജേഷ്‌കുമാര്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. യു എ ഇ ഭരണാധികാരിയുടെ ഉപദേഷ്ടാവ് ശൈഖ് അലിയ്യുല്‍ ഹാഷിമി സന്ദേശപ്രഭാഷണം നടത്തി. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു അധ്യക്ഷന്‍. അല്‍ ഖൈര്‍ ഇന്റര്‍ നാഷനല്‍ ചാരിറ്റി അവാര്‍ഡ് റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇക്ക് ജസ്റ്റിസ് ആര്‍ കെ അഗര്‍വാള്‍ സമ്മാനിച്ചു. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ശഹ്‌നി, മുഹമ്മദ് ഖാലിദ് ഖാസി, ഫുജൈറ സോഷ്യൊ കള്‍ച്ചറല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഖാലിദ് അബ്ദുല്ല സലിം അഹമ്മദ് സന്‍ഹാനി, ഡോ. ഉസ്മാന്‍ ശിബിലി, ശൈഖ് മുഹമ്മദ് ഖയ്യൂം ഉസ്‌ബെക്കിസ്ഥാന്‍, ഡോ. യുസ്‌രി മലേഷ്യ പങ്കെടുത്തു.

 

 

 

 

 

 

 

Latest