മാനവികതയുടെ കാവലാളാകണം: മന്ത്രി കടകംപള്ളി

Posted on: January 6, 2018 11:34 pm | Last updated: January 6, 2018 at 11:34 pm

മര്‍കസ് നഗര്‍: മനുഷ്യാവകാശം മാത്രമല്ല ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാകുന്ന സാഹചര്യത്തില്‍ മാനവികതയുടെ കാവലാളാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മര്‍കസ് നഗര്‍: മനുഷ്യാവകാശം മാത്രമല്ല ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാകുന്ന സാഹചര്യത്തില്‍ മാനവികതയുടെ കാവലാളാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.തീവ്രവാദവും ഭരണകൂട ഭീകരതയും മനുഷ്യാവകാശങ്ങളുടെ അന്തകരാണ്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത്. വ്യക്തിയോട് ചെയ്യുന്ന അനീതി സമൂഹത്തോട് തന്നെ ചെയ്യുന്ന അനീതിയാണെന്ന് ഇസ്‌ലാം കണക്കാക്കുന്നു.
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ദേശീയത. എല്ലാ മതങ്ങളും ഒന്നിച്ച് പോരാടിയാണ് സ്വാതന്ത്ര്യം നേടിയെടുത്തത്. മുഹമ്മദലി ജിന്ന ദ്വിരാഷ്ട്രവാദം ഉയര്‍ത്തിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുസ്‌ലിം പണ്ഡിതര്‍ തയ്യാറായി. എന്നാല്‍, ഇന്ന് വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഭരണഘടനയെ പോലും കാറ്റില്‍ പറത്തുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ദേശീയതയുടെ കുത്തകാവകാശം ഏറ്റെടുക്കാന്‍ വര്‍ഗിയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്.
സര്‍ഗാത്മകത പോലും തങ്ങളുടെ ഇച്ഛക്കനുസരിച്ചായിരിക്കണമെന്നാണ് വര്‍ഗീയവാദികള്‍ മുന്നോട്ട് വെക്കുന്ന അജന്‍ഡ. ഈ ചിന്ത മാത്രം വെച്ചു നടക്കുന്ന കുറ്റവാളികള്‍ ഇരകള്‍ക്കായി കാത്തിരിക്കുന്നുണ്ട്. കേരളത്തിനെതിരെ അസഹിഷ്ണുതയുടെ അമ്പുകളുമായി നിലയുറപ്പിക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നു. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മതങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഇന്ത്യയില്‍ ഇന്ന് നാം കാണുന്നത്. ഇതിനെതിരെ ശബ്ദിക്കാന്‍ മതങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തന്റെയും രാജ്യത്തിന്റെയും സാമൂഹ്യമായ ജീവിതത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണ് മര്‍കസെന്ന് മന്ത്രി പറഞ്ഞു. സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും സാന്ത്വന മേഖലയിലും പ്രശംസാര്‍ഹമായ പുണ്യ കര്‍മങ്ങളാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ മര്‍കസ് നടത്തിവരുന്നത്.
കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അധ്യക്ഷനായിരുന്നു. മനുഷ്യവകാശം, അര്‍ഥവും വ്യാപ്തിയും എന്ന വിഷയം ഡോ. സെബാസ്റ്റ്യന്‍ പോളും മതവും മനുഷ്യാവകാശവും ബശീര്‍ ഫൈസി വെണ്ണക്കോടും അവതരിപ്പിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ, അംഗം അഡ്വ. ടി വി ഫൈസല്‍ വിശിഷ്ടാതിഥികളായിരുന്നു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സ്വാഗതവും അഡ്വ. മുസ്തഫ സഖാഫി നന്ദിയും പറഞ്ഞു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മോഡറേറ്ററായിരുന്നു. അഡ്വ. അബ്ദുല്‍ മജീദ് എറണാകുളം, അഡ്വ. ബി വി മുഹമ്മദ് റാഫി, അഡ്വ. ടി കെ ഹസന്‍, അഡ്വ. കരീം ഇടുക്കി, അഡ്വ. സ്വാബിര്‍ സഖാഫി സംസാരിച്ചു.