മുസ്‌ലിം ലോകം പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കണം :അന്താരാഷ്ട്ര പണ്ഡിത സമ്മേളനം

Posted on: January 6, 2018 11:29 pm | Last updated: January 6, 2018 at 11:29 pm
SHARE

മര്‍കസ് നഗര്‍: മുസ്്‌ലിം ലോകം ഇസ്‌ലാമിന്റെ വൈജ്ഞാനിക, സാംസ്‌കാരിക പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പണ്ഡിത സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. 22 രാജ്യങ്ങളില്‍ നിന്നുള്ള 110 പ്രമുഖ പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇസ്്‌ലാമിക അറിവും ജ്ഞാനവ്യവസ്ഥയും വളര്‍ന്നതും വികസിച്ചതും കൃത്യമായ മതകീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ്. മതപാരമ്പര്യം നിഷേധിച്ച് മൗലികമായ മതകീയ രചനകള്‍ക്ക് സ്വന്തമായി ചിലര്‍ വ്യാഖ്യാനം നല്‍കാന്‍ തുടങ്ങിയപ്പോഴാണ് മുസ്‌ലിം ലോകത്ത് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

യഥാര്‍ഥമായ ഇസ്‌ലാമിക മാര്‍ഗം പിന്തുടരുന്നവര്‍ ഒരിക്കലും പ്രശ്‌നകാരികളാകില്ല. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഇസ്്‌ലാമിക വഴികള്‍ മനസ്സിലാക്കി വേണം പുതിയ കാലത്തെ സംഘര്‍ഷങ്ങളോട് വിശ്വാസികള്‍ പ്രതികരിക്കാന്‍. മതത്തിന്റെ യഥാര്‍ഥ സത്ത അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങള്‍ വിസ്മൃതിയിലാകുന്ന അവസ്ഥയില്ലാതാക്കാന്‍ പരമ്പരാഗത പണ്ഡിത കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ശ്രമങ്ങളുണ്ടാകണമെന്നും ഈ സമ്മേളനം ആ വഴിക്കുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് തുടക്കമിടുമെന്നും പ്രമേയം പറഞ്ഞു.
യു എ ഇയിലെ അല്‍ഇത്തിഹാദ് പത്രം ചീഫ് എഡിറ്റര്‍ മുഹമ്മദ് അല്‍ ഹമ്മാദി സമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളെയും പണ്ഡിതസഭകളെയും പ്രതിനിധാനം ചെയ്ത് പ്രമുഖര്‍ സംസാരിച്ചു.

മുന്‍ ടുണീഷ്യന്‍ വൈസ് പ്രസിഡന്റ് ശൈഖ് അബ്ദുല്‍ ഫത്താഹ് മോറൊ, ഉസ്ബക്കിസ്ഥാനിലെ തഅ്‌ലീം എജ്യുക്കേഷനല്‍ സെന്റര്‍ ചെയര്‍മാന്‍ ശൈഖ് മുഷ്‌റഫ് സദിയൂഫ്, ഒമാന്‍ ഇസ്്‌ലാമിക വിദ്യാഭ്യാസ വകുപ്പ് സുപ്രവൈസര്‍ ശൈഖ് യാഖൂബ് ബിന്‍ യഹ്‌യാന്‍, സൂഫി കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ മാമിന്‍ യോങ് ചൈന, ബഹ്‌റൈനിലെ നിയമകോടതി ചെയര്‍മാന്‍ ശൈഖ് ഇബ്രാഹീം അല്‍മുറൈഖി, ഇറാഖ് സൂഫി സുപ്രീം കൗണ്‍സില്‍ മെമ്പര്‍ ശൈഖ് മര്‍വാന്‍ അലി അന്‍വര്‍, ജോര്‍ദാന്‍ അല്‍നൂറ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല മുഹമ്മദ് ഖൈറ്, സഊദി മലിക് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് മസ്ജിദ് ഇമാം ശൈഖ് ഹിജാസി സ്വാലിഹ് മുഹമ്മദ്, ടൂണീഷ്യ സൈത്തൂന്‍ യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ഹിഷാം അബ്ദുല്‍ കരീം കരീസ, മലേഷ്യന്‍ ഇസ്‌ലാമിക് ഫൗണ്ടേഷനിലെ ഡോ. യുസ്‌രി ബിന്‍ മുഹമ്മദ്, സലീം ഭായ് (യു കെ), ഐവറി കോസ്റ്റിലെ ഫൗണ്ടാത്തൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് അബ്ദില്‍ അസീസ് സെര്‍ബ, യു എസ് എയിലെ പ്രമുഖ പണ്ഡിതന്‍ ഡോ. ഉസ്മാന്‍ ശിബിലി, ന്യൂസ്്‌ലാന്‍ഡിലെ ഇസ്‌ലാമിക് അസോസിയേഷന്‍ മാനേജര്‍ അലിഅബ്ദുല്‍ ഖാദര്‍, തുര്‍ക്കിയിലെ മതകാര്യ വകുപ്പ് ഉപദേഷ്ടാവ് ഹോക്ക മാസൂം, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാ രി സമ്മേളനത്തില്‍ സംസാരിച്ചു. മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതവും മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നന്ദിയും പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here