അയ്യായിരം യാത്രക്കാരുമായി ആഡംബരക്കപ്പല്‍ സ്പ്ലെന്‍ഡിഡ ദോഹയില്‍

Posted on: January 6, 2018 10:00 pm | Last updated: January 6, 2018 at 10:00 pm

ദോഹ: അയ്യിയിരത്തിലധികം സഞ്ചാരികളുമായി ആഡംബരക്കപ്പല്‍ എം എസ് സി സ്പ്ലെന്‍ഡിഡ ദോഹയിലെത്തി. 3700 വിനോദ സഞ്ചാരികളും 1,314 ജീവനക്കാരുമാണ് കപ്പലിലുള്ളത്.

ഈ വര്‍ഷത്തെ കപ്പല്‍ ടൂറിസത്തിന് കരുത്തു പകര്‍ന്നാണ് എം എസ് സി സ്പ്ലെന്‍ഡിഡയെത്തിയതെന്ന് തുറമുഖ മാനേജ്മെന്റ് കമ്പനി (മവാനി ഖത്വര്‍) ട്വിറ്ററില്‍ അറിയിച്ചു. ബുധനാഴ്ച മറ്റൊരു ആഡംബര കപ്പലായ മെയ്ന്‍ സ്‌കിഫ്- അഞ്ച് 3,743 യാത്രക്കാരുമായാണ് ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. ഇത് നാലാം തവണയാണ് മെയിന്‍ സ്‌കിഫ്-5 ദോഹയിലെത്തുന്നത്. അഞ്ച് ആഡംബര കപ്പല്‍ ഉള്‍പ്പെടെ 21 കപ്പലുകളാണ് 2018 ഏപ്രിലില്‍ അവസാനിക്കുന്ന സീസണില്‍ വരുമെന്നു പ്രതീക്ഷിക്കുന്നത്. അഞ്ച് പുതിയ കപ്പലുകളില്‍ ജര്‍മനിയുടെ മെയിന്‍ സ്‌കിഫ്-5, ഇറ്റാലിയന്‍ എം എസ് സി സ്പ്ലെന്‍ഡിഡ എന്നിവ കൂറ്റന്‍ കപ്പലുകളാണ്.
ആഡംബര കപ്പലുകളില്‍ എം എസ് സിയുടെ സ്പ്ലെന്‍ഡിഡയും ഈ സീസണില്‍ അഞ്ച് തവണ വരും. ഇതിനകം രണ്ട് തവണ നാലായിരത്തിലധികം യാത്രക്കാരുമായി സ്പ്ലെന്‍ഡിഡ എത്തിയിരുന്നു. ജനുവരി 25, ഫെബ്രുവരി പതിനഞ്ച്, മാര്‍ച്ച് എട്ട്, 29 തീയതികളിലും എം എസ് സി സ്പ്ലെന്‍ഡിഡ സഞ്ചാരികളുമായി വീണ്ടും ദോഹയിലെത്തും. ആഡംബര കപ്പലുകളുടെ തുറമുഖമായി മാറാന്‍ തയാറെടുക്കുകയാണ് ദോഹ തുറമുഖം. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ആഡംബര കപ്പലുകളുടെ സ്ഥിര ടെര്‍മിനലും വിനോദ കേന്ദ്രവുമായി തുറമുഖം മാറും.

ദോഹ തുറമുഖ വികസനം പൂര്‍ത്തിയാകുന്നതോടെ 2022 ഓടെ അഞ്ച് ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. 2026 ഓടെ കപ്പല്‍ ടൂറിസത്തില്‍ നിന്നും പ്രതിവര്‍ഷം 35 കോടി റിയാല്‍ വരുമാനമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.