Connect with us

Gulf

വാന നിരീക്ഷണവും സമൃദ്ധ വിഭവങ്ങളുമായി മലീഹ സഞ്ചാരികളെ ആകര്‍ഷിക്കുന്നു

Published

|

Last Updated

ഷാര്‍ജ: കോടാനുകോടി നക്ഷത്രങ്ങളെ മരുഭൂമിയുടെ വന്യതയില്‍ ഏകാന്തതയോടെ ആസ്വദിക്കാനുള്ളൊരു കേന്ദ്രം. ശൈത്യകാലത്തിന്റെ തണുപ്പില്‍ മരുഭൂമിയുടെ കുളിരണിഞ്ഞ കാറ്റും നുകര്‍ന്ന് ഇമാറാത്തിന്റെ സവിശേഷ വിഭവങ്ങള്‍ വിളമ്പുന്ന കേന്ദ്രമാണ് മലീഹ.

ശൈത്യകാലം കനത്തതോടെ ഷാര്‍ജയിലെ പ്രമുഖ വാന നിരീക്ഷണ പുരാവസ്തു കേന്ദ്രവുമായ മലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികളൊരുക്കി. ഡസേര്‍ട് സഫാരിക്ക് പുറമെ പര്‍വത നിരകളിലെ സാഹസികതയും വിനോദ പരിപാടികളും ഒരുക്കുകയാണ് കേന്ദ്രം. മനോഹരമായ സൂര്യാസ്തമയം മുതല്‍ വിഭവ സമൃദ്ധമായ വിരുന്നുകളും പരമ്പരാകൃത്യമായ മറ്റ് വിഭവങ്ങളും ഒരുക്കിയാണ് കേന്ദ്രം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

വാന നിരീക്ഷണത്തിന് കൂടുതല്‍ മികവുള്ള ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ച് മികവുറ്റ കാഴ്ച്ചകള്‍ ഒരുക്കുന്നതിനൊപ്പം അഞ്ച് പ്രധാന വിഭവങ്ങള്‍ അടങ്ങിയ രാത്രി ഭക്ഷണങ്ങളും സഞ്ചാരികളുടെ ഇഷ്ടാനുസരണം ഗ്രില്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനും സൗകര്യമുണ്ട്.

ഫോസില്‍ പര്‍വത നിരകള്‍ക്കിടയിലൂടെയുള്ള സൂര്യാസ്തമയ കാഴ്ചക്കൊപ്പം നക്ഷത്ര താഴ്‌വരയില്‍ ബാര്‍ബെക്യു പാകം ചെയ്തു കുടുംബ സമേതം ഉല്ലസിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

മലീഹ, പര്‍വത നിരകളോട് കൂടിയ ഉന്നത മരുഭൂമി സഞ്ചാര കേന്ദ്രമാണ്. യു എ ഇയിലെ സഞ്ചാരികള്‍ക്ക് പുറമെ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള വിനോദ സഞ്ചാരികള്‍ക്ക് മുഴു നീള രാത്രികാല ഉല്ലാസ കേന്ദ്രങ്ങള്‍, സവിശേഷമായ ഭക്ഷണ വിഭവങ്ങള്‍ മറ്റ് വിനോദ പരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് മലീഹ ആര്‍ക്കിയോളജിക്കല്‍ ആന്‍ഡ് ഇക്കോ ടൂറിസം മാനേജര്‍ മുഹമ്മദ് റാശിദ് അല്‍ സുവൈദി പറഞ്ഞു.