ലോക കേരളസഭ, പ്രതീക്ഷയുടെ ചിറകില്‍ പ്രവാസികള്‍

അബുദാബി
Posted on: January 6, 2018 9:12 pm | Last updated: January 6, 2018 at 9:12 pm
SHARE

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന ലോക കേരളസഭ നടക്കുമ്പോള്‍ വാനോളം പ്രതീക്ഷയുമായി കഴിയുകയാണ് പ്രവാസികള്‍.

കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരളസഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. തിരുവനന്തപുരത്തെ നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരളസഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നുമാണ് സഭ പ്രധാനമായും ചര്‍ച്ചചെയ്യുക.

ഗള്‍ഫ് രാജ്യങ്ങളില്‍ 30 ലക്ഷത്തോളം പ്രവാസികളാണുള്ളത്. നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസികളുടെ ശരിയായ പ്രശ്നങ്ങളില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാറുകള്‍ തുടരുന്നത്. ആകാശക്കൊള്ള, പ്രവാസി വോട്ട്, ഗള്‍ഫില്‍ നിന്ന് തിരിച്ചത്തെുന്നവരുടെ പുനരധിവാസം, മൃതദേഹം സൗജന്യമായി നാട്ടിലത്തെിക്കല്‍, നോര്‍ക്ക കാര്യക്ഷമമാക്കല്‍, പ്രവാസി പെന്‍ഷന്‍, നിക്ഷേപ അവസരം, പ്രവാസി സഹകരണ സംഘങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഉപരിപഠന പ്രതിസന്ധി, ഏകജാലക സംവിധാനം, കരിപ്പൂര്‍ വിമാനത്താവളം, പ്രവാസി സ്ഥിതിവിവരക്കണക്കുകള്‍, ബി.പി.എല്‍-എ.പി.എല്‍ പ്രശ്‌നം, റിക്രൂട്‌മെന്റ് തട്ടിപ്പ് തടയല്‍ എന്നീ നിരവധി പ്രശ്നങ്ങളാണ് പ്രവാസികള്‍ സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പിച്ചിട്ടുള്ളത്. ഇതിന് ഒന്നിനും ഇതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ല. പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വിവേചനമാണ് ഗള്‍ഫ് സെക്ടറില്‍ മാത്രം വിമാനക്കമ്പനികള്‍ നടത്തുന്ന ചൂഷണം. അമേരിക്കന്‍-യൂറോപ്യന്‍ സെക്ടറുകളില്‍ ഈടാക്കുന്നതിനേക്കാള്‍ വലിയ തോതില്‍ വിമാനക്കൂലി ഈടാക്കുന്നു. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും പുതുവത്സര സീസണുകളിലും കുത്തനെ വിമാനക്കൂലി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഇതേനില തന്നെയായിരുന്നു.

എന്നിട്ടും ഇത്തരമൊരു നേട്ടം രാജ്യത്തിന് സമര്‍പിക്കുന്ന പ്രവാസി സമൂഹത്തോട് പൊതുവില്‍ കേന്ദ്ര സര്‍ക്കാരിന് അവഗണനയാണുള്ളത്. ജീവിതത്തിന്റെ വസന്തകാലം വിദേശങ്ങളില്‍ ജോലിചെയ്ത് കുടുംബത്തെയും അതുവഴി നാടിനെയും പോറ്റിയ പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവരെ കാത്തിരിക്കുന്നത് നിരവധി പ്രതിസന്ധികളാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ സമ്പന്നരുടെ മേളയാകുമ്പോള്‍ ലോക കേരളസഭയില്‍ സാധാരണക്കാരുടെ പ്രതിനിധികളായത്‌കൊണ്ട് പ്രവാസികള്‍ക്ക് വാനോളം പ്രതീക്ഷയുണ്ട്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്ന ആവശ്യം കേരള സര്‍ക്കാരിന്റെ മുന്നില്‍ വിവിധ പ്രവാസി സംഘങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.