സാംസ്‌കാരിക തലസ്ഥാനത്ത് കൗമാരത്തിന്റെ കലാവസന്തം

Posted on: January 6, 2018 2:14 pm | Last updated: January 6, 2018 at 7:28 pm

തൃശൂര്‍: അന്‍പത്തിയെട്ടാമത് സ്‌കൂള്‍ കലോല്‍സവത്തിന് പ്രൗഢമായ സമാരംഭം. കേരളാ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് സംസ്ഥാന കലോല്‍സവം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാകുമെന്ന് നേരത്തെ അറിയിച്ചിരുന്നതെങ്കിലും സിപിഎം കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ എത്തിയില്ല. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, ചലച്ചിത്രമേഖലയിലെ പ്രമുഖര്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു

ഇന്നു മുതല്‍ അഞ്ചു ദിവസമാണ് തൃശൂരില്‍ കലോല്‍സവം നടക്കുന്നത്. 2008 നു ശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന കലോത്സവമാണിത്. 24 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ ഇത്തവണ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മത്സരാര്‍ഥികളുടെ എണ്ണം 12,000 കടക്കും.

 

എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വേദികളില്‍ മല്‍സരങ്ങള്‍ അനിശ്ചിതമായി വൈകുകയാണ്. ഒരു മണിക്കൂറിലധികം വൈകിയാണ് ചിത്രരചന, നാടന്‍ പാട്ട്, കഥകളി സംഗീതം തുടങ്ങിയ ഇനങ്ങള്‍ ആരംഭിച്ചത്. പ്രധാന വേദിയില്‍ കാണികള്‍ ഉണ്ടെങ്കിലും പല വേദികളിലും ആളെത്തിയിട്ടില്ല.

 

ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും കലോത്സവ നടത്തിപ്പെന്നത്. വെള്ളപ്പാത്രം, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാര്‍ഥികള്‍ക്കു താമസിക്കാനുള്ള ഇടം സജ്ജമാക്കിയത്.