മര്‍കസ് റൂബീ ജൂബിലി; നോളജ് സിറ്റി ലാൻഡ് മാർക്ക് വില്ലേജിലേക്ക് ജനപ്രവാഹം

Posted on: January 6, 2018 7:13 pm | Last updated: January 6, 2018 at 8:11 pm
മർകസ് റൂബി ജൂബിലിയുടെ ഭാഗമായി നോളജ് സിറ്റി ക്ലബ് ഹൗസിൽ നടന്ന മർകസ് ഗ്ലോബൽ മീറ്റിൽ എംഎഎച്ച് അസ്ഹരി സംസാരിക്കുന്നു

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലി മഹാസമ്മേളനത്തിന്റെ ആരവങ്ങള്‍ക്കിടെ മര്‍കസിന്റെ നാനോന്മുഖമായ പദ്ധതികള്‍ അടുത്തറിയാന്‍ നോളജ് സിറ്റിയിലേക്ക് ജനപ്രവാഹം. നോളജ് സിറ്റിയിലെ ലാന്‍ഡ്മാര്‍ക്ക് വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതോടെ ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. നേരത്തെ ഫ്‌ളാറ്റ് ബുക്ക് ചെയ്തവരും സ്വന്തമാക്കിയവരും കുടുംബ സമേതമാണ് ഇവിടെ എത്തുന്നത്. അതിവിശാലവും മനോഹരവുമായ ഇവിടുത്തെ ഭവന പരിസരം സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകരുന്നു.

പദ്ധതിപ്രദേശത്തിന്റെ ഹരിത വിതാനത്തിന് കോട്ടം തട്ടാതെയുള്ള നിര്‍മിതിയാണ് നോളജ് സിറ്റിയെ വേറിട്ടതാക്കുന്നത്. ആയിരത്തില്‍പരം കുടുംബങ്ങള്‍ക്ക് ജീവിത വ്യവഹാരങ്ങള്‍ക്ക് വേണ്ടതെല്ലാം സജ്ജമാക്കപ്പെട്ട ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പ്രോജക്ടാണ് നോളജ് സിറ്റി. ഇവിടെ ഒരുക്കിയ മികച്ച രീതിയിലുള്ള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ സംവിധാനങ്ങള്‍ പദ്ധതിയുടെ രാജ്യന്തര നിലവാരം വ്യക്തമാക്കുന്നു.

മർകസ് ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാനെത്തിയ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മർകസ് നോളജ് സിറ്റിയിലെ ക്ലബ് ഹൗസിന് മുന്നിൽ

ആഹ്ലാദകരമായ ജീവിത സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി നോളജ് സിറ്റിയില്‍ നിര്‍മിച്ച ലാന്‍ഡ് മാര്‍ക്ക് ക്ലബ് ഹൗസ് ഇതിനകം തുറന്നുകഴിഞ്ഞു. സെപ്റ്റംബര്‍ അവസാനവാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലയിട്ട പദ്ധതി 99 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നോളജ് സിറ്റി പാര്‍ട്ണറായ ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്‌സും പ്രോജക്ട് മാനേജിംഗിനും നിര്‍മാണത്തിനും മേല്‍നോട്ടം വഹിച്ച ബേസ് ലൈന്‍ കമ്പനിയുമാണ് ചുരുങ്ങിയ സമയക്രമത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഡിസംബര്‍ 30ന് രാവിലെ നോളജ് സിറ്റി സി.ഇ.ഒ ഡോ. സലാം (ഐ.എസ്.ആര്‍.ഒ), ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി, ലാന്‍ഡ് മാര്‍ക് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് മുതലായവരുടെ സാന്നിധ്യത്തില്‍ കാന്തപുരം ക്ലബ് ഹൗസ് തുറന്നുകൊടുത്തു.

ദക്ഷിണേന്ത്യയിലെ തന്നെ എറ്റവും വലുതും വിശാലവുമായ നോളജ് സിറ്റി ക്ലബ് ഹൗസില്‍ ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് സിമ്മിംഗ് പൂളുകള്‍, ബില്യാര്‍ഡ്‌സ്, മള്‍ട്ടി ജിം, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, മീഡിയ റൂം, ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ മുതലാവയ ഒരുക്കിയിരിക്കുന്നു. പ്രഭാത സവാരി, സൈക്ലിംഗ് തുടങ്ങിയവക്കുള്ള സൗകര്യങ്ങളും ക്ലബിലുണ്ട്.

മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മര്‍കസ് ഗ്ലോബല്‍ മീറ്റ് ക്ലബ് ഹൗസില്‍ നടന്നു. 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുത്തു. മര്‍കസ് നോളജ് സിറ്റി പദ്ധതിയെക്കുറിച്ച് ഡയറക്ടര്‍ എംഎഎച്ച് അസ്ഹരി വിശദീകരിച്ചു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം അവസാനം വരെ നോളജ് സിറ്റിയിലേക്ക് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നാം നമ്പര്‍ ഗേറ്റ് വഴിയാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9388353535 എന്ന നമ്പറില്‍ ബന്ധപ്പെടുക.