ജിഡിപിയെന്നാല്‍ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം; മോദിയെയും ജെയ്റ്റ്‌ലിയെയും പരിഹസിച്ച് രാഹുല്‍

Posted on: January 6, 2018 3:25 pm | Last updated: January 6, 2018 at 8:17 pm
SHARE

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടേത് മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ( ജിഡിപി)മാണെന്ന് രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ധനമന്ത്രിയുടെ പ്രതിഭയും മിസ്റ്റര്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും(ജി ഡി പി) ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത് എന്നാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. പുതിയ നിക്ഷേപം- 13 വര്‍ഷത്തേതില്‍ ഏറ്റവും കുറവ്, ബേങ്ക് ക്രെഡിറ്റ് ഗ്രോത്ത്- 63 വര്‍ഷത്തേതില്‍ ഏറ്റവും കുറവ്,
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് – എട്ടുവര്‍ഷത്തേതില്‍ ഏറ്റവും കുറവ്, അഗ്രികള്‍ച്ചര്‍ ജിവിഎ ഗ്രോത്ത് 1.7 ശതമാനമായി കുറഞ്ഞു. ധനക്കമ്മി എട്ട് വര്‍ഷത്തേതില്‍ ഉയര്‍ന്നത്- രാഹുല്‍ ട്വീറ്റി.

2017-18 ലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2016-17 ലേതിനെക്കാള്‍ കുറവായിരിക്കുമെന്ന സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ( സിഎസ്ഒ) സൂചന പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. 2016-17 കാലയളവില്‍ 7.1 വളര്‍ച്ചയായിരുന്നു രാജ്യം നേടിയിരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ അത് 6.5 ശതമാനമായി കുറയുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കിയിരുന്നു.
സെപ്തംബര്‍ പാദത്തില്‍ 6.3 ശതമാനമായിരുന്നു ജി ഡി പി നിരക്ക്. എന്നാല്‍, അവസാന പാദത്തില്‍ അല്‍പ്പം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ജി ഡി പി ഏഴ് കടക്കുകയെന്നത് അസാധ്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജി ഡി പി നിരക്ക് 7.5 ആകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് കൂടി തിരിച്ചടിയാണ് പുതിയ റിപ്പോര്‍ട്ട്. നോട്ട് നിരോധനവും ഏകീകൃത ചരക്ക് സേവന നികുതി (ജി എസ് ടി) പ്രഖ്യാപനവുമാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here