പാക്കിസ്ഥാന് യുഎസിന്റെ മുന്നറിയിപ്പ്; ഭീകരര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ‘എല്ലാ വഴികളും’ പരിഗണിക്കും

Posted on: January 6, 2018 2:58 pm | Last updated: January 6, 2018 at 5:02 pm
SHARE

വാഷിംഗ്ടണ്‍: പാകിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും യു എസ്. താലിബാന്‍ , ഹഖാനി ശൃംഖല എന്നീ ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ എല്ലാ വഴികളും പരിഗണിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനുമായി സുരക്ഷാ വിഷയം മാത്രമല്ല ഇന്നയിക്കുന്നതെന്നും ഭീകര സംഘടനകളെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ യുഎസിന്റെ മുന്നില്‍ മറ്റു പല വഴികളുമുണ്ടെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പാകിസ്ഥാനുള്ള സാമ്പത്തിക സൈനിക സഹായങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് യുഎസിന്റെ മുന്നറിയിപ്പ്. താലിബാന്‍ ഉള്‍പടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് സഹായം നിര്‍ത്തലാക്കിയത്. അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഹഖാനി ശൃംഖലക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന സഹായമാണ് അമേരിക്കയെ പ്രകോപിച്ചത്. ഇതിന് പിന്നാലെ മുംബൈ ഭീകരാക്രമണ കേസില്‍ മുഖ്യ സൂത്രധാരന്‍ യു എന്‍ തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സഈദിനോട് കാണിച്ച മൃദുസമീപനവും അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അതേസമയം, സാമ്പത്തിക, വാണിജ്യ മേഖലയില്‍ ചൈനയുമായുള്ള പാക്കിസ്ഥാന്റെ അടുപ്പമാണ് അമേരിക്കയെ കടുത്ത നിലപാടിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന സാമ്പത്തിക ഇടനാഴി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 3300 കോടി ഡോളര്‍ സഹായമായി പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന് നല്‍കിവരുന്ന സൈനിക സഹായം കൂറെ മാസമായി കൃത്യമായി ലഭിക്കുന്നില്ല. ട്രംപ് അധികാരത്തിലേറിയ ശേഷം പാക്കിസ്ഥാനുള്ള സഹായത്തില്‍ അമേരിക്ക വീഴ്ച വരുത്തിയിട്ടുണ്ട്.

അതേസമയം, പാക്കിസ്ഥാന് അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ പരാജയപ്പെട്ടതാണ് അമേരിക്കയെ തങ്ങള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.