Connect with us

Kerala

കലാ പൂരത്തിന് തിരിതെളിഞ്ഞു

Published

|

Last Updated

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞു. ലോക പ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെയും പുലിക്കളിയുടെയും ശക്തന്‍ തമ്പുരാന്റെയും നാട്ടില്‍ ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ നാട്യ നടന കലാവൈഭവങ്ങളുടെ അമിട്ടുകള്‍ പൊട്ടിവിരിയും. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രധാന വേദിയായ നീര്‍മാതളത്തില്‍ നടന്ന ചടങ്ങ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

മലയാളത്തിന്റെ ലോക പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യക്ക് ഏറെ പ്രിയങ്കരമായ നീര്‍മാതളം, പരിസരം മുഴുക്കെ പരിമളം പരത്തി പൂത്തുലയുന്ന നിശാഗന്ധി, നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, നീലത്താമര, ചന്ദനം തുടങ്ങി മരങ്ങളുടെയും ചെടികളുടെയും പേരുകള്‍ വഹിക്കുന്ന 24 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. കലോത്സവ മാന്വല്‍ പരിഷ്‌ക്കരിച്ചതിനു ശേഷമുള്ള ആദ്യ കലോത്സവം എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത ആശയങ്ങള്‍ കലോത്സവ നഗരിയില്‍ നടപ്പാക്കും.

കലോത്സവ വേദിയിലെത്തുന്ന കുട്ടികള്‍ക്ക് നല്‍കാനായി പേപ്പര്‍ വിത്ത് പേനകള്‍, എല്ലാ വേദികളിലും കുടിവെള്ളവുമായി മണ്‍കൂജകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസിനും സ്റ്റീല്‍ ഗ്ലാസിനും പകരം മുളനിര്‍മിത ഗ്ലാസ്, മുഴുവന്‍ വേദികളിലുമായി 100 മുളക്കുടിലുകള്‍, വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക തൊപ്പിയും ഗ്രീന്‍ ബാഡ്ജും തുടങ്ങി വ്യത്യസ്തതകള്‍ നിരവധിയാണ്. കേരള ബാംബൂ കോര്‍പ്പറേഷന്‍ പ്രധാന വേദിക്ക് സമീപമൊരുക്കുന്ന മുളവീടായിരിക്കും കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുക.
കലോത്സവത്തില്‍ മത്സരിച്ച് ഏ ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികളുടെ സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ്, എല്ലാ നിലയിലും 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡ്, എല്ലാവര്‍ക്കും ട്രോഫിയുമുണ്ട്.