ആദ്യ ഹോം ജയം തേടി ഗോകുലം ഇന്നിറങ്ങും

Posted on: January 6, 2018 9:06 am | Last updated: January 6, 2018 at 9:31 am
SHARE

കോഴിക്കോട്: ഐലീഗില്‍ സ്വന്തം തട്ടകത്തില്‍ ഒരു ജയമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി ഗോകുലം കേരള എഫ് സി ഇന്ന് വീണ്ടും കളത്തില്‍. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം കരുത്തരായ മിനര്‍വ പഞ്ചാബുമായാണ് ഗോകുലം ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കൊമ്പ്‌കോര്‍ക്കുന്നത്.

മത്സരത്തിന് മുന്നോടിയായി ഗോകുലം ടീം ഇന്നലെ വൈകുന്നേരം കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. വ്യാഴാഴ്ച ഉച്ചയോടെ കോഴിക്കോട്ടെത്തിയ മിനര്‍വ പഞ്ചാബ് ടീം മെഡി. കോളജ് ഗ്രൗണ്ടിലും സ്‌റ്റേഡിയത്തിലുമായാണ് പരിശീലനത്തിനിറങ്ങിയത്.
സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി ഒരു ജയം മാത്രമുള്ള കേരളത്തിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ടീമിലെത്തിച്ച വിദേശതാരങ്ങള്‍ പരുക്കിന്റെ പിടിയിലായതും ഫോമിലേക്ക് ഉയരാത്തതുമാണ് ആതിഥേയര്‍ അലട്ടുന്ന പ്രധാന പ്രശ്‌നം.

യുവതാരങ്ങള്‍ക്ക് ഐലീഗ് മത്സര പരിചയമില്ലാത്തതും മികച്ച സ്‌ട്രൈക്കറുടെ അഭാവവും ടീമിന് വെല്ലുവിളിയാകുന്നു. അതേസമയം സന്തുലിത ടീമാണ് മിനര്‍വയുടേത്. അഞ്ച് കഴിയില്‍ നാല് ജയവും ഒരുതോല്‍വിയുമായി പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്താണ് സന്ദര്‍ശകര്‍. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മത്സരത്തില്‍ ഐസ്വാള്‍ എഫ് സിയോട് നേരിട്ട അപ്രതീക്ഷത തോല്‍വി മറികടക്കാന്‍ ഗോകുലത്തിനെതിരെ വിജയത്തില്‍ കുറഞ്ഞൊന്നും മിനര്‍വ പ്രതീക്ഷിക്കുന്നില്ല.