Connect with us

Kerala

ദീവാനു രിഫാഈ പ്രതിനിധികളെത്തി

Published

|

Last Updated

മര്‍കസ് നഗര്‍: കുവൈത്തിന്റെ ആത്മീയ സദസ്സുകളില്‍ ഏറെ ശ്രദ്ധേയവും പ്രശസ്തവുമായ ശൈഖ് രിഫാഈ കുടുംബത്തിന്റെ ദീവാന് രിഫാഈ പ്രതിനിധികള്‍ മര്‍കസ് സമ്മേളനത്തിന് അതിഥികളായെത്തി.
കുവൈത്ത് മുന്‍ മന്ത്രിയും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഹാഷിം യൂസുഫ് രിഫാഇയുടെ അനുഗൃഹീത കുടുംബത്തില്‍ പെട്ട ശൈഖ് ഔസ് ഈസ മാജിദ് സ്വാലിഹ് അശ്ശാഹീന്‍, ശൈഖ് മുഹമ്മദ് അലി അബ്ദുല്‍ അസീസ് അല്‍ ഹുദൈബ് എന്നിവരാണ് ഇന്നലെ കോഴിക്കോട്ടെത്തിയത്.

എല്ലാ വെള്ളിയാഴ്ച രാവും തിങ്കളാഴ്ച രാവും രിഫാഇ ദീവാനില്‍ നടക്കുന്ന ദിക്‌റ് സ്വലാത്ത് മജ്‌ലിസുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്നു. കുവൈത്തിലെ ഏറ്റവും വലിയ നബിദിനാഘോഷ മൗലിദ് പരിപാടികള്‍ ഉള്‍പ്പെടെ ദീവാനു രിഫാഇയില്‍ നിന്ന് ആത്മീയ സായൂജ്യമടയാന്‍ നൂറുകണക്കിന് സ്വദേശികളും വിദേശികളും എത്താറുണ്ട്. കുവൈത്തിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാഹിത്യ, ഭരണ മേഖലകളില്‍ ശൈഖ് രിഫാഈ കുടുംബത്തിന്റെ സംഭാവനകള്‍ ഖ്യാതി നേടിയതാണ്. പല തവണ മര്‍കസ് സമ്മേളനങ്ങളില്‍ സംബന്ധിച്ച ശൈഖ് രിഫാഈ വാര്‍ധക്യ സഹജമായ ക്ഷീണം കാരണം കിടപ്പിലാണെങ്കിലും ഇന്ത്യയോടും ശൈഖ് അബൂബക്കറിനോടുമുള്ള സ്‌നേഹവായ്പുകള്‍ അദ്ദേഹവും കുടുംബാംഗങ്ങളും പങ്കുവെച്ച് കൊണ്ടിരിക്കുന്നു. മര്‍കസ് കുവൈത്ത് കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. തന്‍വീര്‍, അബ്ദുല്‍ ഗഫൂര്‍ തൃശൂര്‍, അബ്ദുര്‍റഹ്മാന്‍ ചേലേമ്പ്ര തുടങ്ങിയവരോടൊപ്പമെത്തിയ അതിഥികള്‍ക്ക് മര്‍കസ് പ്രതിനിധികളായ തറയിട്ടാല്‍ ഹസന്‍ സഖാഫി, അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി, സി പി സിറാജ് സഖാഫി, ഹബീബ് കോയ കാര്‍വാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പൂരില്‍ സ്വീകരണം നല്‍കി.

 

Latest