Connect with us

Kerala

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സര്‍ഗാത്മക പ്രതിരോധം

Published

|

Last Updated

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ സര്‍ഗാത്മക പ്രതിരോധമായി മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം. അതിരുകളില്ലാത്ത ലോകത്തെ പരിധിയില്ലാത്ത സ്‌നേഹത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയായിരുന്നു ഈ സംഗമം. ഭാഷയും ദര്‍ശനങ്ങളും വംശീയമാകുന്നതിന്റെ ആകുലതകള്‍ പങ്കുവെച്ചതിനൊപ്പം വ്യാജ നവോത്ഥാന നിര്‍മിതിയുടെ പൊള്ളത്തരവും സാംസ്‌കാരിക കൂട്ടായ്മ തുറന്ന് കാട്ടി. മതനിരപേക്ഷ ബഹുസ്വര സമൂഹ നിലനില്‍പ്പിന് മര്‍കസ് ഒരുക്കുന്ന സാംസ്‌കാരിക ഇടത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുകയായിരുന്നു മലയാളത്തിന് വലിയ തലക്കെട്ട് നല്‍കിയ സാംസ്‌കാരിക നായകര്‍. ഫുജൈറ സോഷ്യല്‍ കള്‍ച്ചര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് അബ്ദുല്ല സാലിം അഹമ്മദ് ളന്‍ഹാനിയുടെ സാന്നിധ്യം സംഗമത്തിന് ദേശാന്തരമാനം നല്‍കി.

മതനിരപേക്ഷ ജനാധിപത്യം സമ്പന്നമാക്കാന്‍ മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന പിന്തുണക്ക് മഹത്വമേറെയുണ്ടെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രമുഖചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ശക്തമായി വേരുന്നിയ സ്ഥാപനമാണ് മര്‍കസ്. ഓരോ നാടിനും ചരിത്രപരമായി ദൗത്യങ്ങളേറെയുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി തന്നെ ബഹുസ്വരസമൂഹത്തിന് പാകപ്പെടും വിധമാണ്. സാംസ്‌കാരിക രംഗം എല്ലാകാലത്തും വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. പുതിയ കാലത്തെ വെല്ലുവിളികളും ഒരുമിച്ച് നിന്ന് നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലമതങ്ങളും ഇഴകി ചേര്‍ന്ന് കഴിയുന്ന രാജ്യത്ത് വിഭാഗീയ ചിന്തകള്‍ വളര്‍ത്തി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജനാധിപത്യവും മതേതരത്വവുമാണ് രാജ്യത്തിന്റെ കരുത്ത്. വ്യത്യസ്ഥ ആചാരങ്ങളും അനുഷ്ടാനങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം തടയരുതെന്നും കോടിയേരി പറഞ്ഞു.
ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്ന മേഖലകളിലെല്ലാം യോജിച്ച് നില്‍ക്കണമെന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വിശ്വാസം ഹൃദയത്തോട് ചേരുമ്പോഴാണ് യതാര്‍ഥ മനുഷ്യനാകുന്നത്. അതിര്‍ത്ഥികള്‍ വരക്കുകയല്ല, അതിരുകളില്ലാത്ത ലോകമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെറുപ്പിന്റെ ഭാഷണമല്ല വേണ്ടതെന്നും വിയോജിപ്പുകളെകുറിച്ച് പറയാതിരിക്കുകയാണ് ആവശ്യമെന്നും എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഒരു വാക്ക് കൊണ്ട് ഒരു കണ്ണിപൊട്ടിപോകാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഉത്തരേന്ത്യയില്‍ ഇങ്ങിനെയൊരു ഉസ്താദും ഒരു സ്ഥാപനവും ഉണ്ടായിരുന്നെങ്കില്‍ അവിടുത്തെ സാഹചര്യം മറ്റൊന്നാകുമായിരുന്നു. തീവ്ര ദേശീയ വാദമല്ല വേണ്ടത്. ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുകയും വേണ്ട. രാഷ്ട്രത്തിന് വെറുപ്പ് കൊണ്ട് അതിരുടന്നതിന് പകരം സര്‍ഗാത്മകതയുടെ പുതിയ അതിരുകളാണ് ആവശ്യം. ഹിറ്റ്‌ലറുടെ കാലത്തെ അതിജീവിച്ചിട്ടുണ്ടെന്നത് വര്‍ത്തമാനകാല ഏകാധിപതികള്‍ക്കും പാഠമാകണം. എഴുത്തുകാരന്റെ വാക്കുകള്‍ മായ്ക്കാന്‍ വെടിയുണ്ടകള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല സന്ദേശപ്രഭാഷണം നടത്തി. എ എം ആരിഫ് എം എല്‍ എ, ഡോ. ഹുസൈന്‍രണ്ടത്താണി, കാസിം ഇരിക്കൂര്‍, സി പി സൈതലവി, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ്, ഒ എം തരുവണ, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, കലാം മാവൂര്‍, കബീര്‍ എളേറ്റില്‍ പ്രസംഗിച്ചു.

 

 

---- facebook comment plugin here -----

Latest