Connect with us

International

ദക്ഷിണ - ഉത്തര കൊറിയ ചര്‍ച്ച അടുത്തയാഴ്ച

Published

|

Last Updated

സിയൂള്‍: പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന വൈര്യം മറന്ന് ദക്ഷിണ കൊറിയയുമായി ചര്‍ച്ചക്ക് സന്നദ്ധമായി ഉത്തര കൊറിയ. അടുത്തയാഴ്ച ഇരുരാജ്യങ്ങളിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ അതിര്‍ത്തി നഗരമായ പാന്‍മുന്‍ജോമില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിംമ്പിക്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കും. ഒളിംബിക്‌സില്‍ പങ്കെടുക്കുമെന്ന് നേരത്തെ ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 2015ന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ച നടക്കുന്നത്. എന്നാല്‍, ആരാണ് ഓരോ രാജ്യങ്ങളെയും പ്രതിനിധീകരിക്കുകയെന്നത് വ്യക്തമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള സുപ്രധാന അവസരമാണ് ശൈത്യകാല ഒളിംബിക്‌സ് എന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് കിം ജോംഗ് ഉന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, അമേരിക്കയുടെ സമ്മര്‍ദത്തില്‍ യു എന്നില്‍ പ്രഖ്യാപിച്ച ഉപരോധം ഉത്തര കൊറിയയെ ആഘാതത്തിലാക്കിയിട്ടുണ്ടെന്നും കിം ജോംഗ് ഉന്നിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള എണ്ണ കയറ്റുമതി അടുത്തിടെ അവസാനിച്ചിട്ടുണ്ട്. ഹോംഗ്‌കോംഗ് വഴി ഉത്തര കൊറിയയിലേക്ക് പുറപ്പെടുന്ന കപ്പലുകള്‍ ദക്ഷിണ കൊറിയ തടഞ്ഞുവെച്ചത് ഉത്തര കൊറിയയെ കനത്ത ആഘാതത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ഉത്തര കൊറിയയുടെ ചര്‍ച്ചാ ആഹ്വാനത്തില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക രംഗത്തെത്തി. അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഫലമായാണ് ഉത്തര കൊറിയ ചര്‍ച്ചക്ക് സന്നദ്ധമായിട്ടുള്ളതെന്നും എന്നാല്‍ ആത്മാര്‍ഥതയോടെയുള്ളതാണെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും യു എസ് വിദേശകാര്യ വക്താവ് ജെയിംസ് മാറ്റിസ് വ്യക്തമാക്കി. ഒരേസമയം ചര്‍ച്ചയായും പ്രകോപനപരമായ നിലപാടുമായും ഉത്തര കൊറിയ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും ആയുധ പരിശീലന പദ്ധതിയുമായി അവര്‍ മുന്നോട്ടുപോകുമെന്ന് തന്നെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നുും ജപ്പാന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി.

അതേസമയം, ചര്‍ച്ചയിലെ പ്രധാന അജന്‍ഡ ഒളിംബിക്‌സ് തന്നെയാകുമെന്നും മത്സരത്തില്‍ ഉത്തര കൊറിയന്‍ കായിക താരങ്ങള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാകും നടക്കുകയെന്നും ദക്ഷിണ കൊറിയന്‍ വക്താവ് അറിയിച്ചു.

ഒളിംബിക്‌സില്‍ ഉത്തര കൊറിയന്‍ താരങ്ങള്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ ദക്ഷിണ കൊറിയക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനയും ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അതീവ സുരക്ഷയുള്ള അതിര്‍ത്തിയിലെ സൈനികര്‍ക്കിടയിലെ ഹോട്ട്‌ലൈന്‍ സംവിധാനം പുനഃസ്ഥാപിച്ചിരുന്നു. ഇരുവിഭാഗം സൈനികര്‍ക്കും സംഭാഷണം നടത്താനുള്ള ഫോണ്‍ സംവിധാനമായിരുന്നു പുനഃസ്ഥാപിച്ചത്.

 

---- facebook comment plugin here -----

Latest