ഇസ്ലാമിക ധനകാര്യ സമ്മേളനം: 800 പ്രതിനിധികള്‍ പങ്കെടുക്കും

Posted on: January 5, 2018 9:19 pm | Last updated: January 5, 2018 at 9:19 pm
SHARE

ദോഹ: നാലാമത് ദോഹ ഇസ്‌ലാമിക് ധനകാര്യ സമ്മേളനം ജനുവരി ഒമ്പതിന് ദോഹയില്‍ നടക്കും. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം. സമകാലിക ധനകാര്യ പ്രവണതകളും നോളജ് കപ്പാസിറ്റി ബില്‍ഡിംഗും എന്ന പ്രമേയത്തിലാണ് ഖത്വര്‍ ധനകാര്യ സെന്റര്‍ (ക്യു എഫ് സി) ബെയ്ത് അല്‍ മശൂറ ഫിനാന്‍സ് കണ്‍സള്‍ട്ടേഷന്റെ പങ്കാളിത്തത്തില്‍ സമ്മേളനം നടത്തുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എണ്ണൂറിലധികം പ്രാദേശിക, അന്താരാഷ്ട്ര ധനകാര്യ പ്രതിനിധികള്‍, ബേങ്കര്‍മാര്‍, അക്കാദമിക് പ്രതിനിധികള്‍, ധനകാര്യ വിദഗ്ധര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇസ്ലാമിക് ധനകാര്യം, ഡിജിറ്റല്‍ ലോകം, ശരീഅത്ത് നിയമങ്ങള്‍ക്കും നിയമകാര്യ സംവിധാനങ്ങള്‍ക്കും ഇടയിലുള്ള ഇസ്ലാമിക് ധനകാര്യം, സമകാലിക വഖഫും സാമ്പത്തിക വികസനത്തില്‍ വഖഫിന്റെ പങ്കും, ഇസ്‌ലാമിക് ധനകാര്യത്തിലെ ഭാവി തലമുറക്കായുള്ള വിവര ശേഷി സൃഷ്ടി എന്നിങ്ങനെ നാല് സെഷനുകളിലായാണ് സമ്മേളനം നടക്കുന്നത്. പ്രാദേശികമായും ആഗോള തലത്തിലും ഇസ്ലാമിക ധനകാര്യ മേഖലയുടെ വികസനത്തിനും വളര്‍ച്ചക്കും മികച്ച പിന്തുണ നല്‍കാന്‍ സമ്മേളനത്തിന് കഴിയുമെന്ന് ക്യു എഫ് സി. സി ഇ ഒ യൂസഫ് മുഹമ്മദ് അല്‍ ജെയ്ദ പറഞ്ഞു. ഇസ്ലാമിക് ബേങ്കിംഗ് മേഖലയെ പിന്തുണക്കുക എന്നത് പ്രാദേശിക ധനകാര്യ മേഖലകളുടേയും ബേങ്കുകളുടേയും നിര്‍ണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി തോംസണ്‍ റോയിട്ടേഴ്‌സിന്റെ പങ്കാളിത്തത്തോടെ ക്യു എഫ് സിയുടെ ഇസ്ലാമിക് ബേങ്കിംഗ് സംബന്ധിച്ച ആദ്യ സാമ്പത്തിക റിപ്പോര്‍ട്ടും പ്രകാശനം ചെയ്യും. ഇസ്ലാമിക് ധനകാര്യ മേഖല നേരിടുന്ന ഭൂമിശാസ്ത്രപരവും സാങ്കേതികമായും നിയമപരമായും നേരിടുന്ന വെല്ലുവിളികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ധനകാര്യ ബേങ്കിംഗ് മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും അവ പരിഹരിക്കാനുള്ള പഠനവും പരിശോധനയും അവയുടെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here