സഞ്ചാരികളെ ആകര്‍ഷിച്ച് ഫാല്‍ക്കണ്‍ മേള

Posted on: January 5, 2018 9:09 pm | Last updated: January 5, 2018 at 9:09 pm

ദോഹ: അറബ്, വിദേശ സഞ്ചാരികളെ ആകര്‍ഷിച്ച് ഖത്വറിലെ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ മേള. മര്‍മി മേള എന്ന പേരല്‍ സീലൈനിലെ സബ്കാത് മര്‍മിയില്‍ നടക്കുന്ന ഫാല്‍ക്കണ്‍ മേളയെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാനാണ് സഞ്ചാരികളുടെ തിരക്കേറുന്നത്. ഫാല്‍ക്കണുകളുടെ വേഗം അളക്കുന്ന അല്‍ ദായു ചാംപ്യന്‍ഷിപ്പാണ് മേളയിലെ ഏറ്റവും ശ്രദ്ധേയവും ജനകീയവുമായ മത്സരം. നാനൂറ് മീറ്ററിലാണ് മത്സരം. ഫാല്‍ക്കണുകളുടെ വേട്ടക്കുള്ള കഴിവ് അളക്കുന്നതാണ് അല്‍ താല്‍, ഹദാദ് അല്‍ തഹാദി ചാംപ്യന്‍ഷിപ്പുകള്‍.

വൈദഗ്ധ്യവും അനുഭവ സമ്പത്തുമുള്ളവരാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ മത്സരങ്ങളുടേയും വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് തത്‌സമയം അറിയാനായി വലിയ സ്‌ക്രീനാണ് സ്ഥാപിച്ചിരിക്കുന്നത്. അറേബ്യന്‍ സലൂഖികള്‍ക്കായാണ് ഹദാദ് അല്‍ സലുഖി ചാംപ്യന്‍ഷിപ്പ് നടത്തുന്നത്. രണ്ടു കിലോമീറ്റര്‍ റേസിലൂടെയാണ് ഈ വിഭാഗത്തിലെ വിജയികളെ കണ്ടെത്തുന്നത്.

മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആതിഥ്യമരുളാന്‍ പരമ്പരാഗത അറബി മജ്‌ലിസ് ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പരമ്പരാഗത ഭക്ഷണം, സൗജന്യ ഉച്ചഭക്ഷണം എന്നിവയും സംഘാടകര്‍ നല്‍കുന്നു. സന്ദര്‍ശകര്‍ക്കായി എ ടി എം മെഷീനുകളും വാണിജ്യ ശാലകളും മീന്‍പിടുത്തത്തിനുള്ള സാമഗ്രികളും കൂടാതെ സൂഖ് വാഖിഫ് ഫാല്‍ക്കണ്‍ ആശുപത്രിയുടെ മ്യൂസിയവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ മത്സരങ്ങളും പൊതുജനങ്ങള്‍ക്ക് കാണാന്‍ അനുമതിയുണ്ട്. സബ്കാത് മര്‍മിയിലേക്ക് എത്താനായി റോഡുകളില്‍ കൃത്യമായ അടയാള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.