Connect with us

First Gear

കണക്റ്റഡ് വാഹന സാങ്കേതികവിദ്യ മേഖലയില്‍ ആദ്യം ദോഹയില്‍

Published

|

Last Updated

ദോഹ: മേഖലയിലെ ആദ്യ കണക്റ്റഡ് വാഹന സാങ്കേതിക വിദ്യ ഖത്വറില്‍ വരുന്നു. ഖത്വര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍ (ക്യു എം ഐ സി) സെന്റര്‍ ആണ് മാര്‍ച്ച് മാസത്തോടെ പദ്ധതി നടപ്പിലാക്കുന്നതിന് തയാറെടുക്കുന്നത്. കണക്ടഡ് വാഹന സാങ്കേതികവിദ്യയുടെ ആദ്യ ഘട്ടമാണ് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കുന്നതെന്ന് ക്യു എം ഐ സി. സി ഇ ഒ. ഡോ. അദ്‌നാന്‍ അബു ദയ്യ പറഞ്ഞു. ഒരു വര്‍ഷം നീണ്ട ഒരുക്കത്തിനു ശേഷമാണ് പ്രഥമഘട്ടം നടപ്പാക്കുക. ദേശീയ ഫീല്‍ഡ് ഓപറേഷനല്‍ പരിശോധനയാണ് ദോഹയില്‍ നടത്തുന്നത്. ഏകദേശം മുപ്പത് മുതല്‍ അമ്പത് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
റോഡ് സെന്‍സറുകള്‍ ഇതിനായി വിന്യസിപ്പിച്ചു കഴിഞ്ഞു. യഥാര്‍ഥ ഉപയോക്താക്കള്‍ക്കൊപ്പം ആവശ്യമായ ഓണ്‍ബോര്‍ഡ് യൂനിറ്റുകളും സജ്ജമാണ്. ഖത്വര്‍ സര്‍വകലാശാ കാമ്പസും പരിസര പ്രദേശങ്ങളുമാണ് സാങ്കേതിക വിദ്യയുടെ വിന്യാസത്തിനായി ഉപയോഗിക്കുന്നത്. നിരവധി വാഹനങ്ങളുള്ളതും ജനതിരക്കേറിയതുമായ സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സാങ്കേതിക വിദ്യ നടപ്പാക്കാനാവശ്യമായ എല്ലാ ലോജിസ്റ്റിക് കാര്യങ്ങളും പൂര്‍ത്തിയായി. പ്രാഥമിക ഘട്ടം ഒരു വര്‍ഷം നീളും. ഇതിലൂടെ നിരവധി ഡാറ്റകള്‍ ശേഖരിക്കാനും സാങ്കേതിക വിദ്യയുടെ ഉപയോഗം വിലയിരുത്താനും സാധിക്കും. പദ്ധതിക്കായി വലിയ നിക്ഷേപം ഭാവിയില്‍ വേണ്ടതുണ്ടോ എന്നും അറിയാനാകും.

പ്രാഥമിക ഘട്ടത്തിലൂടെ സാങ്കേതിക വിദ്യയുടെ സുരക്ഷിതത്വവും അറിവും സംബന്ധിച്ച് ഡ്രൈവര്‍മാരില്‍ നിന്നുള്ള പ്രതികരണവും തേടും. രാജ്യത്തെ റോഡ് സുരക്ഷക്കായി കൂടുതല്‍ മികച്ച ആപ്ലിക്കേഷനുകളും നടപ്പാക്കും. യു എസിന്റെ ഗതാഗത വകുപ്പിന്റെ പഠനം പ്രകാരം കണക്ടഡ് വാഹന സാങ്കേതിക വിദ്യയിലൂടെ 80 ശതമാനത്തോളം അപകടങ്ങള്‍ കുറക്കാന്‍ കഴിയും. കണക്ടഡ് സംവിധാനമുള്ള വാഹനങ്ങള്‍ക്ക് പരസ്പരം മനസിലാക്കാനും മുമ്പില്‍ ഏതെങ്കിലും തരത്തിലുള്ള തടസമോ അപകടമോയുണ്ടെങ്കില്‍ അത് പരസ്പരം അറിയിക്കാനും കഴിയും. അപകടമുണ്ടാകുന്നതിന് നേരത്തേ തന്നെ മുന്നറിയിപ്പ് ഡ്രൈവര്‍ക്ക് നല്‍കും. ചിലപ്പോള്‍ അപകടത്തിനെതിരേ കാര്‍ സ്വയം പ്രവര്‍ത്തിക്കുകയും ചെയ്യും. വേഗം, റോഡിലെ വളവുതിരിവുകള്‍ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പും ഡ്രൈവര്‍ക്ക് ലഭിക്കും. കാറുകള്‍ തമ്മിലുള്ള മികച്ച ആശയവിനിമയത്തിനും കാര്‍ ആശയവിനിമയത്തിനുള്ള അടിസ്ഥാന സൗകര്യം കൂടിയാണിത്.

 

---- facebook comment plugin here -----

Latest