Connect with us

Gulf

ലോകത്തെ വലിയ ശുദ്ധജല സംഭരണി തുമാമയില്‍ പൂര്‍ത്തിയാകുന്നു

Published

|

Last Updated

അല്‍ തുമാമയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാജ്യത്തെ വലിയ ശുദ്ധജല സംഭരണ പദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സന്ദര്‍ശിച്ചു. കഹ്‌റമയുടെ നേതൃത്വത്തിലാണ് ജലസുരക്ഷ മുന്‍നിര്‍ത്തിയുള്ള പദ്ധതി പുരോഗമിക്കുന്നത്. നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തിയാക്കാനാകുന്ന വിധത്തിലാണ് പദ്ധതി പുരോഗമിക്കുന്നതെന്ന് അധികൃതര്‍ പ്രധാനമന്ത്രിക്കു വിശദീകരിച്ചു.

രാജ്യത്തെ ശുദ്ധജല സുരക്ഷ എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പദ്ധതിയുടെ വിശദാംശങ്ങള്‍ കഹ്‌റമ അധികൃതര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. ഉപരോധത്തിന്റെ പശ്ചാത്തലത്തിലും നിര്‍മാണത്തിന് ഒരു തടസവും നേരിടാതെയാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന മൂന്നു സംഭരണികളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ജലം പമ്പ് ചെയ്യുന്നതിനു മുമ്പുള്ള സംഭരണികളില്‍ ലോകത്തു തന്നെ വലിയ സംഭരണിയാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതുള്‍പ്പെടെയുള്ള പൂര്‍ത്തിയായ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ആദ്യ സംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി പരിശോധന നടന്നു വരികയാണ്. ഇവിടെ നിന്നും ജലം പമ്പ് ചെയ്യുന്ന പരിശോധനയും നടക്കുന്നു. രണ്ടാമത്തെ സംഭരണി ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകും. മൂന്നാമത്തേത് ഫെബ്രുവരി അവസാനത്തില്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വൈവിധ്യവത്കരണത്തിലൂടെയും ബദല്‍ മാര്‍ഗങ്ങളിലൂടെയും രാജ്യത്തെ വികസന പദ്ധതികള്‍ നിശ്ചിത സമയത്തിനകം തന്നെ പൂര്‍ത്തിയാക്കുകയാണെന്നും സാമ്പത്തിക മേഖലയില്‍ തുറന്ന സമീപനത്തിലൂടെയാണ് രാജ്യം നേട്ടങ്ങള്‍ കൈവരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

Latest