Connect with us

Gulf

ശുചീകരണ തൊഴിലാളിക്കൊപ്പം ഒരു മണിക്കൂര്‍' പങ്കെടുത്തത് 2,242 സന്നദ്ധ സേവകര്‍

Published

|

Last Updated

ദുബൈ: ദുബൈ നഗരസഭാ വേസ്റ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ആരംഭിച്ച “ശുചീകരണ തൊഴിലാളിക്കൊപ്പം ഒരു മണിക്കൂര്‍” ഇനീഷ്യേറ്റീവില്‍ വിവിധ മേഖലകളില്‍ നിന്ന് 2,242 സന്നദ്ധ സേവകര്‍ പങ്കാളികളായി. വിവിധ ജോലിക്കാര്‍, വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി പരിസ്ഥിതി സംരക്ഷണത്തിലും ശുചീകരണത്തിലും ആകൃഷ്ടരായി നിരവധി പേര്‍ പങ്കുകൊണ്ടു.

കഴിഞ്ഞ വര്‍ഷത്തെ “എ ബീച്ച് ക്ലീന്‍അപ് ദുബൈ” കാമ്പയിനിലൂടെ നാല് ലക്ഷത്തിനടുത്ത് സിഗരറ്റ് കുറ്റികള്‍ ബീച്ചുകളില്‍ നിന്ന് ശേഖരിച്ചതായി വേസ്റ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ എന്‍ജി. അബ്ദുല്‍ മജീദ് സിഫായി പറഞ്ഞു. 17 ബീച്ചുകളില്‍ 1,100 മണിക്കൂറെടുത്താണ് ശുചീകരണം നടത്തിയത്.

48 സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചുള്ള വളണ്ടിയര്‍മാരും സ്വദേശീ കുടുംബങ്ങളും ഇതില്‍ പങ്കുകൊണ്ടു. ഈ വര്‍ഷം സന്നദ്ധ സേവകരുടെ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി അബ്ദുല്‍ മജീദ് സിഫായി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്. കൂടുതല്‍ സ്ഥാപനങ്ങളും വ്യക്തികളും സേവനതത്പരരായി എത്തുന്നുണ്ട്.

സിഗരറ്റ് കുറ്റികള്‍ക്ക് പുറമെ പൊതുഇടങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലുമുള്ള അലക്ഷ്യമായ പോസ്റ്ററുകള്‍, തീരങ്ങളിലെ മറ്റു മാലിന്യങ്ങള്‍ എന്നിവയും ശുചീകരിച്ചു.

Latest