മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ നിരക്കില്‍ പിഴയൊടുക്കുന്ന സംഘത്തെ കരുതിയിരിക്കണം

Posted on: January 5, 2018 7:36 pm | Last updated: January 5, 2018 at 7:36 pm

അബുദാബി: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വഴി ട്രാഫിക് പിഴ ഒടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി അബുദാബി പോലീസ്.ഇത്തരം സംഘങ്ങളുടെ മോഹന വലയത്തില്‍ കുടുങ്ങി കുറഞ്ഞ നിരക്കില്‍ പിഴകള്‍ ഒടുക്കുന്ന ആളുകളും നിയമപരമായി ശിക്ഷിക്കപെടുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. വന്‍ തുക ട്രാഫിക് പിഴകളുള്ള ആളുകളെ കണ്ടെത്തി ട്രാഫിക് പിഴയുടെ മുഴുവന്‍ സംഖ്യയില്‍ നിന്നും ഗണ്യമായ ഭാഗം കുറച്ചു ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചു സഹായിക്കാമെന്ന വാഗ്ദാനം ചെയ്താണ് ഇത്തരം തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വശത്താക്കുന്നത്.

ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ നിരക്കില്‍ പിഴകള്‍ അടച്ചുകൊടുക്കുന്ന ആളുകള്‍ ഇക്കാര്യത്തിന് ഉപയോഗിക്കുന്ന കാര്‍ഡ് പലരില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായി പൊലീസിന് ബോധ്യപ്പെട്ടതായി അബുദാബി പോലീസ് സിഐഡി ഡയറക്ടര്‍ തരീഖ് ഖല്‍ഫാന്‍ അല്‍ ഗോള്‍ അറിയിച്ചു. ഇത്തരം കേസില്‍ അടുത്തിടെ ഗള്‍ഫ് അറബ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പിടിക്കപ്പെട്ടതായും നിരവധി പേര് ഇവരുടെ മോഹന വാഗ്ദാനത്തില്‍ കുടുങ്ങി അബദ്ധത്തില്‍ പെട്ടതായും പോലീസ് അറിയിച്ചു. മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വഴി ട്രാഫിക് പിഴ ഒടുക്കിയവരെ കൂടാതെ പിഴ ലഭിച്ചരെയും ശിക്ഷിക്കപെടുമെന്ന് പോലീസ് വ്യക്തമാക്കി.