Connect with us

Gulf

'ശുക്‌റന്‍ മുഹമ്മദ് ബിന്‍ സായിദ്', ആദരവോടെ ദുബൈ

Published

|

Last Updated

ദുബൈ: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് ആദരവോടെ ദുബൈ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്ഥാനാരോഹണദിനം ശൈഖ് മുഹമ്മദ് ബിന്‍ സായിദിനുള്ള കൃതജ്ഞതാ ദിനമായി ആചരിക്കുന്ന “ശുക്‌റന്‍ മുഹമ്മദ് ബിന്‍ സായിദ്” ചിത്രങ്ങളണിഞ്ഞ് ദുബൈയുടെ പ്രധാന ഐക്കണുകളായ കെട്ടിടങ്ങള്‍ പ്രകാശിച്ചു.

ബുര്‍ജ് ഖലീഫ, ബുര്‍ജുല്‍ അറബ്, ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ പോലീസ് ആസ്ഥാന മന്ദിരം തുടങ്ങിയവ കൂടാതെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ ബോര്‍ഡുകളിലും, മെട്രോ ട്രെയിനിലെ സ്‌ക്രീനിലും ദുബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ യാത്രാ വിവരങ്ങള്‍ കാണാവുന്ന ബോര്‍ഡിലും ചിത്രം തെളിഞ്ഞു. കൂടാതെ വിവിധ പാലങ്ങളിലും ചിത്രം ആലേഖനം ചെയ്ത പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്റെ സ്ഥാനാരോഹണദിനം, രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും പുരോഗതിയും ഉറപ്പ് വരുത്തുന്നതിനായി പ്രവര്‍ത്തിച്ച ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് നന്ദി രേഖപ്പെടുത്തിയുള്ള കാമ്പയിനായി ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.

ഇതേ കുറിച്ച് ജനറല്‍ ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഏറെ പ്രചോദനം നല്‍കുന്ന ഭരണാധികാരിയാണ്. പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ പരാമര്‍ശിക്കാതെ തരമില്ല. രാജ്യപുരോഗതിക്ക് ഉതകുന്ന ഒരു ആശയം ഏറ്റവും ക്രിയാത്മകമായി പ്രായോഗികതലത്തില്‍ എങ്ങനെയെത്തിക്കാമെന്നതിലാണ് അദ്ദേഹത്തിന്റെ ചിന്തയും പ്രവര്‍ത്തനവും. ഒരു മികച്ച സഹോദരനും അധ്യാപകനും ഭരണാധികാരിയും വികസനപാതയിലെ സഹയാത്രികനുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ഏവര്‍ക്കും പ്രചോദനവുമാണ്. അസാധ്യമായത് നാമൊരുമിച്ച് സാധ്യമാകുമെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.