Connect with us

Gulf

നെതര്‍ലാന്‍ഡില്‍ നിന്നുള്ള പക്ഷി ഇറക്കുമതിക്ക് നിരോധനം

Published

|

Last Updated

ദുബൈ: നെതര്‍ലാന്‍ഡില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിന് യു എ ഇയില്‍ നിരോധനം.
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ആ രാജ്യത്ത് നിന്നുള പക്ഷികളുടെ ഇറക്കുമതി നിരോധിച്ചത്. പക്ഷിപ്പനിയെ തുടര്‍ന്ന് നെതര്‍ലാന്‍ഡിലെ ഫ്‌ലിവോളന്‍ഡ് പ്രവിശ്യയില്‍ മാത്രം 150,000 കോഴികളെ കൊന്നൊടുക്കിയെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വന്യ ഗണത്തില്‍ പെടുന്ന പക്ഷികള്‍, അലങ്കാര കിളികള്‍, കോഴി, മുട്ടകള്‍ മറ്റു ഇറച്ചി വിഭവങ്ങള്‍ എന്നിവയും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. മികച്ച ആരോഗ്യ പരിസ്ഥിതി ഉറപ്പ് വരുത്തി രാജ്യത്തെ ജനങ്ങളുടെ ജീവിത രീതി സുഖകരമാക്കുന്നതിനാണ് തങ്ങളുടെ പദ്ധതികളെന്ന് മന്ത്രാലയത്തിന് കീഴിലെ ഫുഡ് ഡൈവേഴ്‌സിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ മാജിദ് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

രാജ്യത്തേക്ക് എത്തിക്കുന്ന ഭക്ഷണ വിഭവങ്ങളുടെ ഗുണ മേന്മ പരിശോധിക്കുന്നതിന് അതി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പെടുത്തിയിട്ടുള്ളത്. വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് രാജ്യത്തേക്ക് ഇറക്കുമതിക്ക് അനുമതി നല്‍കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest